നിളയിലെ ജലനിരപ്പ് താഴ്ന്നു; നൂറുമേനി വിളവെടുപ്പ് പ്രതീക്ഷിച്ച് പച്ചക്കറി കൃഷി

നിളയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ പാലക്കാട് ആനക്കര കുമ്പിടി കാങ്കപ്പുഴ കടവിൽ പച്ചക്കറി കൃഷിക്ക് തുടക്കം. നാട്ടുകാരുടെ കൂട്ടായ്മയിലാണ് വ്യത്യസ്ത ഇനം വിത്ത് പാകിയത്. കോവിഡ് കാലത്ത് തീരത്തെ കൃഷി പലരുടെയും ഉപജീവന മാർഗം കൂടിയാണ്.  

പതിവു തെറ്റാതെ ഇക്കുറിയും നാടൻ പച്ചക്കറി തന്നെയാണ് നിള തീരത്ത്  വിളയുന്നത്. പച്ചക്കറിയ്ക്ക് വിപണിയിൽ വന്ന വിലക്കയറ്റം കൂടുതൽ കർഷകരെ കൃഷിക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്കും വിവിധ സംഘങ്ങളായി തിരിഞ്ഞുമാണ് പുഴയോര മേഖലയിലുള്ള കർഷകരുടെ കൃഷി. പയർ, വഴുതന, വെള്ളരി,പടവലം, വെണ്ട, മധുരക്കിഴങ്ങ്, മത്ത, ചീര, തുടങ്ങി വിവിധ ഇനം പച്ചക്കറി കൃഷിയാണ് നിളയോരത്തുള്ളത്.സ്വന്തമായി ഭൂമിയില്ലാത്ത കർഷകരാണ് നിളയിൽ കൃഷിയിറക്കുന്നവരിൽ കൂടുതലും. കോവിഡ് മഹാമാരിയിൽ പലരുടെയും ജീവിതമാർഗം കൂടിയാണിവിടം.ആനക്കര കൃഷി വകുപ്പ് അധികൃതരുടെ നിർദേശങ്ങളും പിന്തുണയും ലഭിച്ചതോടെ നുറുമേനി വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷിക്കാർ.