സോളര്‍ പാനല്‍ പ്രവര്‍ത്തനം തുടങ്ങി; പാലും വൈദ്യുതിയും സംഭരിക്കാൻ ചുള്ളിമട

പാല്‍ മാത്രമല്ല വൈദ്യുതിയും സംഭരിക്കാനാകുമെന്ന് തെളിയിക്കുകയാണ് പാലക്കാട് ചുള്ളിമട ക്ഷീരോല്‍പ്പാദക സഹകരണസംഘം. ഇരുപത് കിലോ വാട്ട് ശേഷിയുള്ള സോളര്‍ പാനല്‍ പ്രവര്‍ത്തനം തുടങ്ങി. വൈദ്യുതി ഉപയോഗത്തില്‍ ലാഭം വരുന്ന തുക കര്‍ഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നതിനാണ് ഭരണസമിതിയുടെ തീരുമാനം. 

ക്ഷീരകര്‍ഷകര്‍ ഏറെയുള്ള ജില്ല. പാലില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന കേരളത്തിന് കൂടുതല്‍ പാല്‍ അളന്ന് കരുത്താകുന്നത് പതിവ്. ഈ നേട്ടത്തിനൊപ്പമാണ് വൈദ്യുതിയുടെ കാര്യത്തിലും ഒരു കൈ നോക്കാന്‍ പാലക്കാട്ടെ ചുള്ളിമട ക്ഷീരോല്‍പാദക സംഘം തീരുമാനിച്ചത്. എട്ട് ലക്ഷം രൂപയുടെ സബ്സിഡിയുമായി ക്ഷീരവികസന വകുപ്പും പിന്തുണച്ചു. ചൂടിന് കാഠിന്യമേറുന്ന സമയമായതിനാല്‍ സോളര്‍ പദ്ധതി നന്നായി ഊര്‍ജം സംഭരിക്കുമെന്ന് വ്യക്തം. വൈദ്യുതി വിനിയോഗം കുറയുന്നതിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. പാല്‍സംഭരണത്തിലും വിതരണത്തിലും നവീന മാതൃക പിന്തുടരുന്ന ചുള്ളിമട സംഘം സോളറിലും വിജയം നേടുമെന്ന് ഭരണസമിതി. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു.