തണ്ണീര്‍ത്തടം നികത്തി റോഡ് വീതികൂട്ടല്‍; പഞ്ചായത്തിന്റെ ഒത്താശയെന്ന് ആരോപണം

വൈക്കം മറവന്തുരുത്ത് പഞ്ചായത്തിൽ തണ്ണീർത്തടം നികത്തി റിസോർട്ട് മാഫിയാ പഞ്ചായത്ത് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതായി പരാതി. പഞ്ചായത്തിന്‍റെ മൗനാനുവാദത്തോടെയാണ് അനധികൃത നിർമ്മാണമെന്നാണ് നാട്ടുകാരുടെ പരാതി.  റവന്യു അധികൃതർ നിർമാണം തടഞ്ഞ് പൂഴിമണ്ണ് പിടിച്ചെടുത്തു.  

ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ നിർമിച്ച പഞ്ഞിപ്പാലം കൊമ്പുതടം റോഡിലാണ് നിയമം ലംഘിച്ചുള്ള നിർമാണം നടന്നത്. 3 മീറ്റർ വീതിയുള്ള റോഡ് 6 മീറ്ററിലധികം വീതിയിൽ പുഴയോരം വരെ നിർമിക്കാനാണ് നീക്കം. ഇരുപതിലേറെ കുടുംബങ്ങൾ താമസിക്കുന്ന അറുപത് ഏക്കറിലധികം വരുന്ന പ്രദേശം തണ്ണീർതട മേഖലയാണ്.  നാട്ടു തോടുകളും തണ്ണീർത്തടങ്ങളും നികത്തിയുള്ള റോഡ് നിർമാണം  ഈ കുടുംബങ്ങളെ ദുരിതത്തിലാക്കി. വേലിയേറ്റ സമയത്ത് നീരൊഴുക്കില്ലാതെ തീരപ്രദേശത്തെ വീടുകളിൽ മലിനജലം നിറയുന്നുവെന്നാണ് പരാതി. പ്രദേശവാസികൾക്ക് സഞ്ചാരയോഗ്യമായ വഴി ഉള്ളപ്പോഴാണ് തണ്ണീർത്തടങ്ങൾ നികത്തി റോഡു വീതി കൂട്ടാനുള്ള  ശ്രമം. 

തീരമേഖലയിൽ 4 ഏക്കറോളം സ്ഥലവും ഇരുപത് ഏക്കർ കായൽ തുരുത്തും  കയ്യേറിയ റിസോർട്ട് മാഫിയയാണ് അനധികൃത റോഡ് നിർമാണത്തിന് പിന്നിലെന്നാണ് ആരോപണം.  പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി അനധികൃതമായി വീതി കൂട്ടി നിർമിച്ചിട്ടും പഞ്ചായത്ത് അധികൃതർ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.   നാട്ടുകാർ റവന്യു അധികൃതരെ അറിയച്ചിതിനെ തുടർന്ന് വില്ലേജ് ഓഫിസറെത്തിയാണ് നിർമാണം തടഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.