1300 വാഴകള്‍ ഒടിഞ്ഞു വീണു; മറവന്തുരുത്തിൽ വാഴകൾക്ക് അപൂർവരോഗം

വൈക്കം മറവന്തുരുത്തിൽ വാഴകൾക്ക് അപൂർവരോഗം കണ്ടെത്തി. വാഴയുടെ ചുവട് വീർത്ത്  മണിക്കൂറുകൾക്കകം ഒടിഞ്ഞ് വീണ് നശിക്കുന്നു. ഇടവട്ടം സ്വദേശി മോഹനന്‍റെ പകുതി വളർച്ചയെത്തിയ 1300 വാഴകളാണ് ഇത്തരത്തിൽ നശിച്ചത്. ഇടവട്ടം ജയ്‌വിഹാറിൽ മോഹനൻ പാട്ടക്കൃഷി നടത്തുന്ന രണ്ട് ഏക്കറിലെ ഏത്തവാഴകളാണ് അപൂർവ്വ രോഗം ബാധിച്ച് നശിക്കുന്നത്. മൂന്ന് 

പതിറ്റാണ്ടിലധികമായി വാഴകൃഷി നടത്തുന്നയാളാണ് മോഹനൻ.  നാലു ദിവസം മുമ്പാണ്  രോഗം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ഏക്കറിലെ രണ്ട് തോട്ടങ്ങളിലായുള്ള1300 ഓളം വാഴ കളിലേക്കും രോഗം വ്യാപിച്ചു.  നാലു ദിവസം മുമ്പ് പെയ്ത മഴക്ക് ശേഷമാണ് രോഗം കണ്ടുതുടങ്ങിയതെന്ന് മോഹനൻ പറയുന്നു. മറവൻതുരുത്ത്കൃഷിഭവൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിട്ടും രോഗം തിരിച്ചറിയാനായില്ല. രോഗകാരണം കണ്ടെത്താൻ മണ്ണിൻ്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. 

വാഴകൾക്ക് ബാധിക്കുന്ന കൊക്കാൻ വൈറസ് ബാധയോട് സാമ്യമുണ്ടെങ്കിലും ഈ രോഗാവസ്ഥ ആദ്യമാണെന്ന് കൃഷി വകുപ്പ്. അമിത വളപ്രയോഗം കൊണ്ടൊ,വളത്തിൻ്റെ ന്യൂനത കൊണ്ടൊ ആവാം വാഴയുടെ മൂട് വീർത്ത് വരുന്നതെന്നാണ് നിഗമനം. 12 ദിവസം മുമ്പ് സ്വകാര്യ വളം ഡിപ്പോയിൽ നിന്ന് വാങ്ങിയ യൂറിയ, പൊട്ടാഷ് സംയുക്ത വളം തോട്ടത്തിൽ പ്രയോഗിച്ചിരുന്നു.  സർക്കാർ കേന്ദ്രങ്ങളിൽ വളം ലഭ്യമല്ലാതെ വന്നതോടെയാണ് സ്വകാര്യ വളം ഡിപ്പോയെ ആശ്രയിക്കേണ്ടിവന്നത്.  വിളനാശം പാട്ടം നൽകി കൃഷി ഇറക്കിയ മോഹനനെ കടകെണിയിലാക്കി.