നിയമപോരാട്ടം തുടരും; നടക്കുന്നത് താലിബാനിസം; മണ്ണാര്‍ക്കാട് പ്രസിഡണ്ട് ഉമ്മുസല്‍മ

മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് തന്നെ ചതിയിലൂടെ പുറത്താക്കാൻ ചിലർ ശ്രമിച്ചെന്നും എന്നാൽ സത്യം വിജയിച്ചെന്നും സി കെ. ഉമ്മുസൽമ. മണ്ണാർക്കാട് ബ്ലോക്കിൽ താലിബാനിസമാണ് നടക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ഉമ്മുസൽമയുടെ പേരിലുള്ള രാജിക്കത്ത്തി രഞ്ഞെടുപ്പു കമ്മിഷൻ തള്ളിയ ശേഷം ഓഫിസിലെത്തി പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ്. 

പൊതുമുതൽ ദുരുപയോഗം ചെയ്യാൻ ചിലരുടെ ബെനാമികളെ പ്രസിഡന്റ് കസേരയിലിരുത്താൻ തന്റെ പദവി ചതിയിലൂടെ നീക്കുന്നതിനുള്ള ശ്രമമാണ് വ്യാജ രാജിക്കത്തിലൂടെ പുറത്തു വന്നത്. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ താലിബാനിസമാണ് നടക്കുന്നത്. ചിലര്‍ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തി പറയുന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസിഡന്റ് നടപ്പാക്കേണ്ടത്. അതിന് നിയമവും വ്യവസ്ഥയും ബാധകമല്ല. താൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനോ ജില്ലാ നേതൃത്വത്തിനോ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കോ രാജിക്കത്ത് നൽകിയിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മിഷനും ബോധ്യമായി. തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് നൽകിയതിനെ തുടർന്നാണ് പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയത്. തന്റെ നിയമ പോരാട്ടം തുടരുമെന്നും ഉമ്മുസല്‍മ.