സ്ത്രീ സമത്വവുമായി കോട്ടയത്ത് വരയുമായി 'സമം' കൂട്ടായ്മ

സ്ത്രീ സമത്വമെന്ന ആശയവുമായി  കോട്ടയത്ത് ഒത്തുകൂടുകയാണ് സംസ്ഥാനത്തെ വനിത ചിത്രകാരികൾ. ഭിന്നശേഷിക്കാരായ അഞ്ച് പേരുൾപ്പെടെ ഇരുപത്തിയഞ്ച് കലാകാരികൾ സമത്വമെന്ന ആശയത്തെ അഞ്ച് ദിവസംകൊണ്ട് ക്യാൻവാസുകളിൽ നിറയ്ക്കും. സാംസ്‌കാരിക വകുപ്പിൻ്റെ "സമം" പരിപാടിയിലാണ് ചിത്രകാരികളുടെ സംഗമം. 

നിറങ്ങളെ കാൽവിരലുകളിൽ നിയന്ത്രിച്ച് നിർത്തുന്ന ജിജിമോളെ പോലെയുള്ള   പ്രതിഭകളെ അടുത്തറിയാൻ അവസരമൊരുക്കുന്നത് ലളിതകലാ അക്കാദമിയാണ്. മാമ്മൻ മാപ്പിള ഹാളിലാണ് അഞ്ചു ദിവസം നീണ്ട് നിൽക്കുന്ന ക്യാംപ്. 

ജില്ലയിലെ  സ്‌കൂൾ വിദ്യാർഥിനികൾക്കായി ത്രിദിന ചിത്രകലാ കളരിയും ഇതോടൊപ്പമുണ്ട്. വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത നാൽപത് പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.