വിശാലമായ ഡയാലിസിസ് കേന്ദ്രം; അടിസ്ഥാന സൗകര്യങ്ങളില്ല; വെല്ലുവിളി

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ വിശദമായ പദ്ധതിനിർദേശം. 

ഹോസ്പിറ്റൽ ഇൻ സൈഡ് ഹോസ്പിറ്റൽ എന്ന ആശയവുമായി ആശുപത്രിക്കുള്ളിൽ വിഭാവനം ചെയ്യുന്ന വിശാലമായ ഡയാലിസിസ് കേന്ദ്രമാണ് സ്വപ്നപദ്ധതി. അതേസമയം പദ്ധതി നടപ്പാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് വെല്ലുവിളിയാകും. നിലവിൽ ആശുപത്രിയിലെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഡയാലിസിസ് യൂണിറ്റിൽ 24 മെഷിനുകൾ പ്രയോജനപ്പെടുത്തി 4 ഷിഫ്റ്റുകളിലായി 96 പേർക്കാണു പ്രതിദിനം ഡയാലിസിസ് സൗകര്യം ലഭിക്കുന്നത്. ഇത് 50 മെഷിനുകളാക്കി ഉയർത്തി 4 ഷിഫ്റ്റുകളിലായി ദിവസവും 200 പേർക്കു ഡയാലിസിസ് സേവനം ലഭിക്കാവുന്ന നിലയിൽ വിപുലീകരിക്കാനുള്ള പദ്ധതിയാണു പരിഗണനയിൽ. പദ്ധതി നടപ്പായാൽ സർക്കാർ മേഖലയിൽ സംസ്ഥാനത്തിനു തന്നെ മാതൃകയാകും ഒറ്റപ്പാലത്തെ ഡയാലിസിസ് യൂണിറ്റ്.സോളർ സംവിധാനം ഒരുക്കൽ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും കെട്ടിടത്തിന്റെയും വിപുലീകരണം എന്നിവയ്ക്കു ശേഷമേ പദ്ധതി നടപ്പാക്കാനാകൂ. 30 മെഷിനുകളുള്ള പ്രധാന യൂണിറ്റ് 10 മെഷിനുകളോടു കൂടിയ സ്ത്രീകളുടെ വിഭാഗം, എച്ച്ഐവി ബാധിതർക്ക് 5 മെഷിൻ, മറ്റു ഗുരുതര രോഗമുള്ളവർക്ക് 5 മെഷിൻ എന്ന നിലയിലുള്ള ക്രമീകരണമാണ് വിഭാവനം ചെയ്യുന്നത്. യൂണിറ്റ് വിപുലീകരിക്കപ്പെടുന്നതോടെ ഡയാലിസിസിന് അവസരം കാത്ത് കഴിയുന്നവരുടെ എണ്ണം കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. നിലവിൽ മുന്നൂറോളം പേരാണ് കാത്തിരിക്കുന്നവരുടെ പട്ടികയിലുള്ളത്.