തകർന്നടിഞ്ഞ് ചുങ്കം- പള്ളാത്തുരുത്തി റോഡ്; കാൽനട യാത്രയും അസാധ്യം; പ്രതിഷേധം

ആലപ്പുഴ നഗരത്തിന്‍റെ കിഴക്കന്‍മേഖലയായ ചുങ്കം, പള്ളാത്തുരുത്തി ഭാഗത്തെ  യാത്രാ ദുരിതത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍  രംഗത്ത്. ചുങ്കം- പള്ളാത്തുരുത്തി റോ‍ഡ്, കന്നിട്ട എസ്.എന്‍ വായനശാല റോഡ് എന്നിവയാണ് തകര്‍ന്നു കിടക്കുന്നത്. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍പോലും സാധ്യമല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ആലപ്പുുഴ നഗരത്തിന് കിഴക്ക് പള്ളാത്തുരുത്തി കന്നിട്ട  എസ്എന്‍വായവനശാലമുതലുള്ള റോഡിന്‍റെ സ്ഥിതിയാണിത്. 500 ലധികം കുടുബങ്ങള്‍ ഉള്ള ഇതുവഴി കാല്‍നട യാത്രപോലും അസാധ്യമാണ്. ഒന്നര വര്‍ഷം മുന്‍പ് ആറിന്‍റെ തീരം കല്ലുകെട്ടി റോഡ് നിര്‍മിക്കാന്‍ പണം അനുവദിച്ചതാണ്. വാഗ്ദാനങ്ങള്‍ മാത്രം നടന്നു റോഡ് നിര്‍മാണം മാത്രം നടന്നില്ല.രോഗികളും പ്രായമായവരും വീട്ടിലുള്ള ചില കുടുംബങ്ങള്‍  ഇവിടെനിന്ന് താമസം മാറി. ഒടുവില്‍ സഹികെട്ട പ്രദേശവാസികള്‍ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന്  നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഉടന്‍ റോഡ് നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കി.എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍  നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് മറന്നു. കരാറുകാരന്‍ ഉഴപ്പുന്നതാണെന്നാണ് നാട്ടുകാരുടെ പരാതി. വിനോദസഞ്ചാരികളും നൂറുകണക്കിന് നാട്ടുകാരം സഞ്ചരിക്കുന്ന ചുങ്കം –പള്ളാത്തുരുത്തി റോഡിന്‍റെ  സ്ഥിതിയും പരിതാപകരമാണ്.  തകര്‍ന്ന റോഡ് നവീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു.