പൊലീസ് കാവലിൽ സ്വകാര്യ വ്യക്തിയുടെ 'കടവ്' നിർമാണം; പ്രതിഷേധിച്ച് നാട്ടുകാർ

ഒന്‍പത് മാസമായി സംഘര്‍ഷഭരിതമാണ് തിരുവല്ല കുറ്റൂരിലെ ഒരു കടവ് നിര്‍മാണം. പൊലീസ് കാവലിലാണ് മണിമലയാറില്‍ കടവ് നിര്‍മാണം പുരോഗമിക്കുന്നത്. നാട്ടുകാരും നിര്‍മാണക്കാരും തമ്മില്‍ സംഘര്‍ഷം പതിവാണ്.

വെണ്‍പാല അമ്മന്‍ത്രകടവിലെ സംരക്ഷണഭിത്തി നിര്‍മാണമാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് 13 ലക്ഷം രൂപ അനുവദിച്ചു. പണിയേറ്റെടുത്ത കരാറുകാരന്‍ അപകടകരമായ രീതിയിലാണ് കടവ് നിര്‍മിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. സമീപത്തെ വികലാംഗന്‍റെ അതിരില്‍ കെട്ടിയ സംരക്ഷണഭിത്തി ദിവസങ്ങള്‍ക്കകം തകര്‍ന്നു വീണു. സമീപത്തെ മറ്റൊരാളുടെ സ്ഥലത്തെ സംരക്ഷിക്കും വിധം കോണ്‍ട്രാക്ടര്‍ അഴിമതികാട്ടിയെന്നാണ് ആരോപണം. ഇപ്പോള്‍ സ്വകാര്യ വ്യക്തി മതില്‍ കെട്ടിപ്പൊക്കുന്നത് പൊലീസ് കാവലിലാണ്. നാട്ടുകാരുമായി തര്‍ക്കവും പതിവാണ്.

എല്ലാ അനുമതിയോടും കൂടിയാണ് നിര്‍മാണമെന്നാണ് സമീപത്തെ വസ്തു ഉടമയായ വിന്‍സന്‍റ് പറയുന്നത്. ഇറിഗേഷന്‍ വകുപ്പിന്‍റേയും, റവന്യൂ വകുപ്പിന്‍റെയും അനുമതിയുണ്ട്. നിര്‍മാണംതുടരാമെന്നും സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടെന്നും വിന്‍സന്‍റ് പറയുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.