ആശുപത്രിയിലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ല; ദുരിതം പേറി നാട്ടുകാര്‍

കുട്ടനാട്ടിലെ ഊരുക്കരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള വഴി തകര്‍ന്ന്  സഞ്ചാരയോഗ്യമല്ലാതായി. മഴക്കാലമായാല്‍  ദുരിതം ഇരട്ടിയാകും പരാതിപ്പെട്ടിട്ടും  ഈ പാത ഗതാഗതയോഗ്യമാക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നാണ് പരാതി.

ഊരുക്കരി  പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള  പാതയെ റോഡെന്നാണ്  വിളിക്കുന്നത്.എന്നാല്‍ ഇതുവഴി സഞ്ചരിക്കുന്നവര്‍ ഇത് റോഡാണെന്ന് പറഞ്ഞാല്‍ ഞെട്ടും. സഞ്ചാരയോഗ്യമല്ലാത്ത ദുര്‍ഘടപാതയിലൂടെയാണ് പ്രദേശവാസികളുടെ യാത്ര എൽ പി സ്കൂൾ, സഹകരണ  സൊസൈറ്റി, പോസ്റ്റ് ഓഫീസ്, വായനശാല  തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വഴി ഇതു മാത്രമാണ്. നൂറിലധികംപേര്‍ പഠിക്കുന്ന എൽപി സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രയും ഇതുവഴിയാണ്,ഇപ്പോള്‍ സ്കൂളില്ലാത്തതാണ്  രക്ഷിതാക്കള്‍ക്ക് ആശ്വാസം.

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്  വാക്സീന്‍ എടുക്കാനെത്തുന്നതും  പ്രായംചെന്ന രോഗികൾ ആശുപത്രിയില്‍  വരുന്നതും ഈ പാത താണ്ടിയാണ്. ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ് ആശുപത്രി ജീവനക്കാരും പറയുന്നത്. ഈ വഴിയുടെ ദുരവസ്ഥ രാമങ്കരി പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലമായാൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകും .