ലക്ഷങ്ങൾ മുടക്കി നവീകരിച്ചു; കെട്ടിടം കാടുകയറി നശിക്കുന്നു

കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസായിരുന്ന കെട്ടിടം കാടുകയറി നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും കെട്ടിടം ഉപയോഗപ്പെടുത്താൻ നടപടിയില്ല. സാമൂഹ്യ വിരുദ്ധർ താവളമാക്കിയ കെട്ടിടം ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി. 

തമ്പലക്കാട് റോഡിൽ കോമൺസ് ക്ലബ്ബിന് സമീപം സ്വകാര്യ വ്യക്തി ബ്ലോക്ക് പഞ്ചായത്തിനായി വിട്ടു നൽകിയ സ്ഥലത്ത് വർഷങ്ങൾക്ക് മുൻപാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. അന്ന് ഗ്രാമസേവകൻമാർക്ക് പ്രത്യേക ഓഫീസുകൾ വേണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓഫിസ് തുടങ്ങിയത്. വർഷങ്ങളോളം ഓഫീസിൻ്റെ പ്രവർത്തനം മുടക്കം കൂടാതെ ഇവിടെ തുടർന്നു. പിന്നീട് പഞ്ചായത്തോഫിസിൽ ഗ്രാമസേവകൻമാർക്ക് ഇരിപ്പിടം നൽകണമെന്ന ഉത്തരവ് വന്നതോടെ ഓഫിസിന് പൂട്ടുവീണു. കഴിഞ്ഞ അഞ്ച് വർഷമായി കെട്ടിടം അടഞ്ഞുകിടക്കുകയാണ്. 

ഇടക്കാലത്ത് വളവുകയത്തെ അംഗൻവാടിയുടെ പ്രവർത്തനം ഇങ്ങോട്ടേയ്ക്ക് മാറ്റിയിരുന്നെങ്കിലും പുതിയ കെട്ടിടം നിർമ്മിച്ചതോടെ അംഗൻവാടിയും മാറി. മൂന്ന് മുറികളുള്ള കെട്ടിടവും ശുചിമുറികളും കാടുകയറിയ നിലയിലാണ്.  ജനലുകളും വാതിലും  സാമൂഹ്യ വിരുദ്ധർ തകർത്തു. ഇടക്കാലത്ത് ലക്ഷങ്ങൾ മുടക്കി കെട്ടിടത്തിൻ്റെ ശോചനിയാവസ്ഥ  പരിഹരിച്ചിരുന്നുവെങ്കിലും ഉപയോഗിക്കാതായതോടെ വീണ്ടും നശിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിലായി പത്ത് സെൻ്റോളം സ്ഥലത്താണ് കെട്ടിടം സ്ഥിതി  ചെയ്യുന്നത്.  മാലിന്യം തള്ളി കെട്ടിടത്തിലെ കിണറും ഉപയോഗശൂന്യമായി.