പൈപ്പ് വഴി ഓക്സിജൻ എത്തും; കോവിഡ് ചികിൽസാകേന്ദ്രം തുറന്ന് വൈക്കം സര്‍ക്കാര്‍ ആശുപത്രി

വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ സൗകര്യത്തോടെയുള്ള കോവിഡ് ചികില്‍സാകേന്ദ്രം തുറന്നു. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസം പകരുന്നതാണ് വൈക്കത്തെ പുതിയ കോവിഡ് ചികില്‍സാകേന്ദ്രം .

പൈപ്പുവഴി ഓക്സിജന്‍ എത്തിക്കാന്‍ സൗകര്യമുള്ള 51കിടക്കകളടക്കം അഞ്ച് നിലകളിലായി 170 കിടക്കകളാണ് പുതിയ കെട്ടിടത്തില്‍ ഉള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും സൗകര്യമുണ്ട്. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാതെ കിടന്ന ആശുപത്രികെട്ടിടമാണ് കോവിഡ് രോഗികള്‍ക്കായി പ്രയോജനപ്പെടുത്തിയത്. വിവിധ രാഷ്ട്രീയ സംഘടനകളുടെ സഹായത്തോടെ പൂര്‍ണമായി ശുചീകരിച്ചാണ് കിടക്കകള്‍ ഒരുക്കിയിട്ടുള്ളത്. വാര്‍ഡുകള്‍ ഒരുക്കാന്‍ റോട്ടറി ക്ലബ് അടക്കമുള്ള സന്നദ്ധസംഘടനകളുടെ സഹായ‌വും ലഭിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ സംഭാവന ചെയ്യാനും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളടക്കം മുന്നിട്ടെത്തി. 

താഴത്തെ നില സ്രവപരിശോധനയ്ക്കായി സജ്ജീകരിക്കും.ഫസ്റ്റ് ലൈന്‍ ചികില്‍സാകേന്ദ്രത്തില്‍ ചികില്‍സിക്കാന്‍ പറ്റാത്തവര്‍ക്ക്മാത്രമായിരിക്കും ഇവിടെ പ്രവേശനം.ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനമടക്കം ഉറപ്പുവരുത്തിയാണ് ചികില്‍സാകേന്ദ്രം പ്രവര്‍ത്തനസജ്ജമായത്.