ഡാമുകളിലെ വൃഷ്ടിപ്രദേശം കൈയ്യേറുന്നു; ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് പരാതി

ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളിലെ വൃഷ്ടിപ്രദേശം കൈയ്യേറുന്നതായി പരാതി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇരട്ടയാർ, കല്ലാർ ഡാമുകളുടെ വൃഷ്ടിപ്രദേശം കൈയ്യേറി പുൽകൃഷി നടത്തുന്നതെന്നാണ് ആക്ഷേപം. 

വേനലിൽ ഡൈവേർഷൻ ഡാമുകളിലെ ജലം കുറഞ്ഞതോടെയാണ് കൈയ്യേറ്റങ്ങൾ വ്യാപകമായിരിക്കുന്നത്. ഡാമുകളുടെ വൃഷ്ടിപ്രദേശവും കല്ലാർ ഡാമിന് സമീപം അടുത്തിടെ വൈദ്യുത ഭവനത്തിനായി തറക്കല്ലിട്ട ഭൂമിയും കൈയ്യേറിയിട്ടുണ്ട്. കെ എസ് ഇ ബി യുടെ അനുമതിയില്ലാതെ സ്ഥലം കയ്യേറി പുൽകൃഷി നടത്തുകയാണ് കൈയ്യേറ്റക്കാരുടെ രീതി. പിന്നീട് വേലി കെട്ടിത്തിരിച്ച് ഭൂമി അധീനതയിലാക്കും. നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കാറില്ലന്ന് നാട്ടുകാർ പറയുന്നു.

അതീവ സുരക്ഷ മേഖലയായ ഡാമിനോട് ചേര്‍ന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.