കോവിഡിന്റെ പേരിൽ കേസ്; വേറിട്ട പ്രതിഷേധവുമായി ബാൻഡ് കലാകാരന്മാർ

ഉൽസവങ്ങളിലും പെരുന്നാളുകളിലും ബാൻഡ് കൊട്ടുന്ന കലാകാരൻമാരെ കോവിഡ് ചട്ടലംഘന കേസുകളിൽ പ്രതിയാക്കുന്നതിന് എതിരെ തൃശൂരിൽ വേറിട്ട പ്രതിഷേധം. കലക്ടറേറ്റിന് സമീപം ബാൻഡ് കൊട്ടിയായിരുന്നു കലാകാരൻമാരുടെ പ്രതിഷേധം.  

ഇത് ബാൻഡ് കലാകാരൻമാരുടെ പ്രതിഷേധമാണ്. ഉപജീവനത്തിനു വേണ്ടി ഉൽസവങ്ങളിലും പെരുന്നാളുകളിലും ബാൻഡ് കൊട്ടുന്നവരാണ്. കോവിഡിന് ശേഷം അന്നംമുട്ടിയവർ. വീണ്ടും പെരുന്നാളുകളും ഉൽസവങ്ങളും തുടങ്ങിയപ്പോൾ പട്ടിണി മാറിയെന്ന് കരുതിയിരിക്കുകയായിരുന്നു. ഇതിനിടെയാണ്, ആള് കൂടിയെന്ന് പറഞ്ഞ് പലയിടത്തും ബാൻഡ് കലാകാരൻമാരെ കേസുകളിൽ പ്രതിയാക്കി തുടങ്ങിയത്. കഴിഞ്ഞ സീസണും ഈ സീസണും പാതി നഷ്ടപ്പെട്ടു. സെപ്തംബർ മുതൽ മേയ് വരെ നീളുന്ന സീസണിൽ ബാൻഡ് സംഘങ്ങൾക്ക് പണിയുണ്ടാകും. ഇത് കൂടി നഷ്ടപ്പെട്ടാൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് കലാകാരൻമാർ പറയുന്നു.

ബാറുകളും സിനിമാ തിയറ്ററുകളും രാഷ്ട്രീയ പാർട്ടി യോഗങ്ങളും മുറപോലെ നടക്കുന്നു. എന്നിട്ടും ബാൻഡ് കലാകാരൻമാരെ മാത്രം വേട്ടയാടുന്നുവെന്നതാണ് ഇവരുടെ ചോദ്യം. കലക്ടറേറ്റ് പരിസരത്ത് ഒട്ടേറെ പാട്ടുകൾ ബാൻഡിൽ അവതരിപ്പിച്ച ശേഷമാണ് കലാകാരൻമാർ മടങ്ങിയത്.