കോവിഡ് പരോളിന് ശേഷം തിരിച്ചെത്താതെ 38 തടവുകാർ: ഏറെയും കൊലക്കേസ് പ്രതികൾ

കോവിഡ് പരോളിന് ശേഷം ജയിലിൽ കയറാൻ സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും 38 തടവുകാർ തിരിച്ചെത്തിയില്ല. കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താതെ മുങ്ങി നടക്കുന്നവരിൽ അധികവും. ഇന്ന് രാവിലെയും തിരികെയെത്താത്തവരെ പിടിച്ചു കൊണ്ടുവരാൻ പൊലീസ് സഹായം തേടാന്നാണ് തീരുമാനം. അതേസമയം, ടി.പി കേസ് പ്രതികൾ തിരിച്ചെത്തിയൊ എന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയില്ല.

കോവിഡ് കാലത്ത് പ്രത്യേക പരോൾ നേടി പൊയ തടവുകാരെല്ലാം ഇന്നലെ വൈകിട്ട് 4ന് മുൻപ് ജയിലിൽ തിരികെ എത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ 38 പേർ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വരാനുള്ളത്,12 പേർ. പൂജപ്പുര സെൻട്രൽ ജയിലിൽ 3 പേരും വിയ്യൂർ സെൻട്രൽ ജയിലിൽ 10 പേരും

നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 8 പേരും, ചീമേനി തുറന്ന ജയിലിൽ 5 പേരും തിരിച്ചെത്തിയില്ല. ഇന്ന് രാവിലെ വരെ നോക്കിയിട്ടും ഇവർ എത്തിയില്ലങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടുവരാൻ പൊലിസ് സഹായം തേടാനാണ് ജയിൽ വകുപ്പിൻ്റെ തീരുമാനം. 

കണ്ണൂർ ,വിയ്യൂർ എന്നിവിടങ്ങളിൽ എത്തേണ്ട ടി.പി വധക്കേസ് പ്രതികളും  തിരിച്ച് വന്നില്ലന്നാണ് സൂചന. വരാനുള്ളവരുടെ പേര് പരിശോധിക്കുന്നുവെന്നാണ് ഇവരെക്കുറിച്ച് ചോദിക്കുമ്പോൾ ജയിൽ വകുപ്പിൻ്റെ പ്രതികരണം. കോവിഡിൻ്റെ രണ്ടാം തരംഗ സമയത്താണ് 1271 പേർക്ക് ജയിലിനുള്ളിലെ രോഗവ്യാപന നിയന്ത്രണത്തിനായി പ്രത്യേക പരോൾ നൽകിയത്. പരോൾ കാലാവധി കഴിഞ്ഞിട്ടും 790 ഓളം തടവുകാർ സുപ്രീം കോടതി അനുമതിയോടെ പരോൾ നീട്ടി വാങ്ങി. ഒടുവിൽ  സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാണ് രണ്ടാഴ്ചയ്ക്കകം തിരികെ കയറാനുള്ള ഉത്തരവ് വാങ്ങിയത്.