തനിച്ചിരുന്ന് പഠിച്ച് മടുത്തു ; സ്കൂൾ തുറക്കുന്നതും കാത്ത് കുട്ടമ്പുഴ ഊരിലെ വിദ്യാർഥികൾ

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സ്കൂളുകള്‍ തുറക്കുന്നത് കാത്ത് കോതമംഗംലം കുട്ടമ്പുഴ ആദിവാസി ഊരിലെ വിദ്യാര്‍ഥികള്‍. പരിമിതമായ സൗകര്യങ്ങളില്‍ ഓണ്‍ലൈന്‍ പഠനം തള്ളിനീക്കുന്നവരാണ് ക്ലാസ്മുറികളിലെത്താനായി കാത്തിരിക്കുന്നത്. കാടിന് പുറത്തെത്തി അവധിക്കാല വിശേഷങ്ങള്‍ പങ്കിടാന്‍ തയ്യാറെടുക്കുകാണ് കുട്ടമ്പുഴയിലെ കുട്ടികള്‍. 

വനമേഖലകളില്‍ ഒറ്റപ്പെട്ടുകിടക്കുന്നത് നിരവധി ആദിവാസിക്കുടികളാണ്. ഇവിടെ കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ കാടിറങ്ങണമായിരുന്നു. ആനയെ പേടിച്ചും പുഴ മുറിച്ചുകടന്നും കിലോമീറ്ററുകള്‍ നടക്കണമായിരുന്നു. ഊരുകളിലെ വിദ്യാര്‍ഥികളെല്ലാം പട്ടണത്തിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്നത് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു. ലോക്ഡൗണില്‍ സ്കൂളും, ഹോസ്റ്റലും അടഞ്ഞു. ലഭിച്ചിരുന്ന ഭക്ഷണവും പലര്‍ക്കും മുടങ്ങി. എല്ലാവരെയും കാടിനുളളിലാക്കി. 

നിവര്‍ത്തിയില്ലാതെയാണ് പലരും ഓണ്‍ലൈന്‍ പഠനം തുടങ്ങിയത്.  ഇതിനെല്ലാ അറുതിയായി, നിയന്തണങ്ങളില്‍ ഇളവ് വരുത്തി സ്കൂളുകള്‍ തുറക്കാന്‍പോകുന്നവെന്ന വാര്‍ത്ത പലരുടേയും മുഖത്ത് പുഞ്ചിരി വിരിച്ചിരിക്കുകയാണ്. തള്ളിനീക്കിയ ദിനരാത്രങ്ങളുടെ ഓര്‍മകള്‍ സഹപാഠികളുമായി പങ്കുവയ്ക്കാനുള്ള തിടുക്കമാണ് പലര്‍ക്കും.