തീക്കോയി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് പുതിയ കെട്ടിടം; സ്വപ്നം യാഥാർഥ്യമാകുന്നു

അസൗകര്യങ്ങള്‍ക്ക് നടുവിലായിരുന്ന തീക്കോയി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്‍റെ പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഏഴുകോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടത്തിലാണ് കാലങ്ങളായി ടെക്‌നിക്കല്‍ ഹൈസ്‌കൂളി‍ന്റെ പ്രവര്‍ത്തനം. 

കഴിഞ്ഞ 32 വര്‍ഷമായി വാടക്കെക്കിടത്തിലാണ് ടെക്നിക്കൽ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം. 90ലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി 100 ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനായി. മികവ് പുലർത്തുന്ന സ്കൂളിന് മികച്ച ഒരു കെട്ടിടമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 

കെട്ടിടം തകര്‍ച്ചയിലായതോടെ ക്ലാസ്മുറികള്‍ അരക്കിലോമീറ്ററോളം അകലെ വാടക്കെട്ടിടത്തിലേയ്ക്ക് മാറ്റി. ഈ ദുരവസ്ഥയ്ക്കാണ് പരിഹാരമാകുന്നത്. 

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്ത രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുക. 3 നിലകളിലായി  ക്ലാസ് മുറികളും വര്‍ക്കുഷോപ്പും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തും. 3550 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 2-ാം നിലയില്‍ ലാബും ഉള്‍പ്പെടും. പുതിയ കെട്ടിടം ലഭ്യമാകുന്നതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികൾക്ക് സ്കൂളിൽ പ്രവേശനം നല്‍കാനുമാകും.