റോഡ് പണിക്കായി കെട്ടിയ കൽക്കെട്ടിടിഞ്ഞു; അപകട ഭീതി

കോട്ടയം ഗാന്ധിനഗറിൽ റോഡ് പണിയുടെ ഭാഗമായി കെട്ടിയ കൽക്കെട്ടിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. അഞ്ച് വർഷം മുൻപ് കരിങ്കൽക്കെട്ടിൻ്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് പ്രദേശവാസികൾക്ക് ഭീഷണിയായത്. 

വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ഗാന്ധിനഗർ - മെഡിക്കൽ കോളേജ്  റോഡിന്റെ വീതികൂട്ടൽ. റോഡിന് ഒരു വശം നിലവിലെ റോഡിനൊപ്പം കരിങ്കൽ കെട്ട് നിർമ്മിച്ചു. ചിലയിടങ്ങളിൽ മണ്ണിട്ട് നികത്തിയതും ഒഴിച്ചാൽ തുടർനടപടികൾ ഉണ്ടായില്ല. ഇരുപത് അടിയിലേറെ ഉയരമുള്ള  കൽക്കെട്ടിൻ്റെ ഒരു ഭാഗമാണ് കഴിഞ്ഞ മഴയിൽ ഇടിഞ്ഞു വീണത്. 

ഗാന്ധിനഗർ റെയിൽവെ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന പഴയമഠം  പ്രശാന്തിന്റെ വീട്ടുമുറ്റത്താണ് കല്ലുകൾ പതിച്ചത്. ശേഷിക്കുന്ന കെട്ടും ഇടിഞ്ഞാൽ പതിക്കുക വീടിന് മുകളിലായിരിക്കും. നിർമ്മാണം യഥാസമയം പൂർത്തീകരിച്ചിരിക്കുന്നു എങ്കിൽ  നാട്ടുകാർക്ക് ഈ ഗതിഉണ്ടാകുമായിരുന്നില്ല. 

റോഡ് വീതികൂട്ടൽ പൂർത്തിയാകണമെങ്കിൽ റെയിൽവേ മേൽപ്പാലവും വീതി കൂട്ടിയേ മതിയാകൂ. എന്നാൽ ഇതിലുണ്ടായിട്ടുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രതിസന്ധിക്ക് കാരമണമായി നാട്ടുകാർചൂണ്ടിക്കാട്ടുന്നത്. ഒരത്യാഹിതം ഉണ്ടാകുന്നതിന് മുന്നേ അധികൃതർ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.