അങ്കമാലി ബൈപാസിനായി സ്ഥലമേറ്റെടുക്കല്‍; അതിര്‍ത്തികല്ലുകള്‍ സ്ഥാപിച്ചു

അങ്കമാലി ബൈപ്പാസിനായുള്ള സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ച് തുടങ്ങി. അങ്കമാലി, കറുകുറ്റി വില്ലേജുകളില്‍പ്പെട്ട ഭൂമിയാണ് ബൈപ്പാസ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. 

ബൈപ്പാസ് തുടങ്ങുന്ന കരയാംമ്പറമ്പ് ജംക്‌ഷനില്‍ നിന്നാണ് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതു തുടങ്ങിയത്. എറ്റെടുക്കേണ്ട ഭൂമിയുടെ ഇരുവശത്തും അതിര്‍ത്തികല്ലുകള്‍ സ്ഥാപിച്ച ശേഷം ബൈപ്പാസിന്റെ നിര്‍മാണ ചുമതലയുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും റവന്യു വകുപ്പും പരിശോധനകള്‍ നടത്തി തുടര്‍നടപടികളിലേക്ക് കടക്കും. കരയാമ്പറമ്പ് മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ജംക്‌ഷന്‍ വരെ നാല് കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൂരം. 

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് പരിസ്ഥിതി ആഘാത പഠനവും നടത്തേണ്ടതുണ്ട്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും കണ്‍സല്‍ട്ടന്റായ കിറ്റ്കോയുടെ പ്രതിനിധികളുമാണ് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.