സോളാർ വിളക്കുകൾ കണ്ണടച്ചിട്ട് രണ്ട് വർഷം; തൊടുപുഴ- പൊന്‍കുന്നം ഹൈവേ ഇരുട്ടിൽ

തൊടുപുഴ പൊന്‍കുന്നം സംസ്്ഥാന ഹൈവേയില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച വഴിയോര സോളര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. നൂറിലേറെ ലൈറ്റുകള്‍ വാഹനമിടിച്ച് തകര്‍ന്നപ്പോള്‍ അതിലേറെ വിളക്കുകള്‍ സാങ്കേതിക തകരാറുകള്‍ മൂലമാണ് തെളിയാത്തത്. കെഎസ്ടിപിയുടെയും പൊതുമരാമത്ത് വകുപ്പിന്‍റെയും അനാസ്ഥയാണ് കാരണം.

2017 18 കാലഘട്ടത്തിലാണ് കെഎസ്ടിപി ലോകനിലവാരത്തില്‍ തൊടുപുഴ പൊന്‍കുന്നം റോഡ് പൂര്‍ത്തീകരിച്ചത്. രാത്രി നിരത്തുകളില്‍ വെളിച്ചമേകാന്‍ പത്ത് കോടി രൂപ മുടക്കി 1100 സോളര്‍ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു. ഓരോ നാല്‍പത് മീറ്റര്‍ ഇടവിട്ട് സ്ഥാപിച്ച വിളക്കുകളുടെ മേല്‍നോട്ടവും കെഎസ്ടിപിക്ക് തന്നെയായിരുന്നു. ആദ്യനാളുകള്‍ കൃത്യമായി പ്രകാശിച്ച ലൈറ്റുകള്‍ ഒരു വര്‍ഷം പിന്നിട്ടതോടെ ഒനൊന്നായി അണഞ്ഞു തുടങ്ങി. വാഹനമിടിച്ച് നിരവധി വിളക്കുകളാണ് തകര്‍ന്നത്. ഇതിന് കൃത്യമായി നഷ്ടപരിഹാരം ഈടാക്കിയെങ്കിലും പുനസ്ഥാപിക്കാന്‍ നടപടിയുണ്ടായില്ല. ബാറ്ററിതകരാറും മറ്റ് കാരണങ്ങളും മിച്ചമുള്ള വിളക്കുകളെടെ പ്രവര്‍ത്തനവും അവതാളത്തിലാക്കി. 2020 ജനുവരിയില്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടും വിളക്കുകള്‍ തെളിയിക്കാന്‍ നടപടിയില്ല.

ഓരോ തൂണിലും രണ്ട് വീതം ബാറ്ററികളും സ്ഥാപിച്ചിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന നിരവധി ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. അപകട മേഖലകളില്‍ 24 മണിക്കൂറും തെളിയേണ്ട സോളര്‍ എല്‍ഇഡി ലൈറ്റുകളും തകരാറിലാണ്. രണ്ടരവര്‍ഷത്തിനിടെ ചെറുതും വലുതുമായി ആയിരത്തിലേറെ അപകടങ്ങളുണ്ടായിട്ടുണ്ട് തൊടുപുഴ പൊന്‍കുന്നം റോഡില്‍. നാല്‍പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.