ചിത്തിരപുരം ആശുപത്രി വികസനം പ്രതിസന്ധിയില്‍

മൂന്നാർ ചിത്തിരപുരം ആശുപത്രി വികസനം പ്രതിസന്ധിയില്‍.  പുതിയ  കെട്ടിടത്തിന്  കണ്ടെത്തിയ സ്ഥലം പരിസ്ഥിതിലോല പ്രദേശമെന്ന് ആക്ഷേപമുയര്‍ന്നതോടെയാണ് നിര്‍മാണം പ്രതിസന്ധിയിലായത്.  സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വികസന പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ചിത്തിരപുരം ആശുപത്രി താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 55 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ആശപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ കണ്ടെത്തിയ ഭൂമി നിർമ്മാണ പ്രവർത്തനത്തിന് യോഗ്യമല്ലെന്നും, മറ്റാരിടത്ത് സ്ഥലം കണ്ടെത്തി നൽകണമെന്നും അരാേഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ഇതോടെ  55 കോടിയുടെ  വികസനം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

എന്നാല്‍ പരിസ്ഥിതി ലോലമെന്ന് പറയുന്ന ഇതേ സ്ഥലത്തിന്‍റെ സമീപത്ത് പതിനാല് നിലയുള്ള  കെട്ടിടം സ്വകാര്യ വ്യക്തി നിര്‍മിച്ചിട്ടുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കാത്ത അധികൃതര്‍ ആശുപത്രി വികസനത്തിന് തടസ്സം നില്‍ക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം.