കുറുപ്പന്തറയില്‍ വികസനം ത്രിശങ്കുവിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥ?

കോട്ടയം ജില്ലയിലെ അപകടകരമായ ജംക്ഷനുകളില്‍ ഒന്നായ കുറുപ്പന്തറയില്‍ വികസനം അട്ടിമറിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍. ഇടുങ്ങിയ റോഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളുടെ അഭാവവും ജംക്ഷനില്‍ അപകടങ്ങളും ഗതാഗതകുരുക്കും രൂക്ഷമാക്കുന്നു. വികസനത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭൂമി 

വിട്ടുനല്‍കിയ പ്രദേശവാസികളെയും ഉദ്യോഗസ്ഥരുടെ അനാസ്ഥ ത്രിശങ്കുവിലാക്കി. 

കുറുപ്പന്തറ ജംക്ഷനിലെത്തുന്ന ഏതൊരാളുടെയും തലപെരുക്കും. കുറുപ്പന്തറ തോട്ടുവ, കോട്ടയം എറണാകുളം , കുറുപ്പന്തറ കല്ലറ റോഡുകളാണ് ഇവിടെ സംഗമിക്കുന്നത്. ശരവേഗത്തിലാണ് തലങ്ങും വിലങ്ങും വാഹനങ്ങളുടെ പാച്ചില്‍. കാല്‍നടയാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ആയുസിന്‍റെ ബലംകൊണ്ട് മാത്രം. സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തികളായ ഇവിടെ നിയമലംഘനങ്ങള്‍ക്കും പഞ്ഞമില്ല.

റോഡ് വികസനത്തിന് ഭൂമി വിട്ട് നല്‍കിയ കറുകപറമ്പില്‍ പോളിന്‍റെ സ്ഥലത്ത് ഉദ്യോഗസ്ഥര്‍ നാട്ടിയ കല്ലുകള്‍ അതേപടിയുണ്ട്. കല്ലുകള്‍ക്കെന്നപോലെ ഉദ്യോഗസ്ഥര്‍ക്കും കുലുക്കമില്ല. 

പണം മുന്‍കൂട്ടിനല്‍കിയാല്‍ സ്ഥലം വിട്ടു നല്‍കാമെന്ന പ്രദേശവാസികളുടെ കടുംപിടുത്തമാണ് വികസനം വൈകിപ്പിക്കുന്നതെന്നാണ് ജനപ്രതിനിധകളുടെ വാദം. പണം നല്‍കാതെ ഭൂമി സ്വന്തമാക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണ് പ്രദേശവാസികളെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.