റോഡ് അടച്ചുകെട്ടി അങ്കമാലി നഗരസഭ; പരാതിയുമായി നാട്ടുകാർ

അങ്കമാലി നഗരസഭാ ഓഫിസിനോട് ചേര്‍ന്ന് നഗരസഭതന്നെ കയ്യേറി അടച്ചുകെട്ടിയ റോഡ് തുറന്നുകൊടുക്കാതെ അധികൃതര്‍. താലൂക്ക് സര്‍വേയര്‍ അളന്നുതിട്ടപ്പെടുത്തിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ല. പരാതിയുമായി നാട്ടുകാരും, വ്യാപാരികളും കയറിയിറങ്ങിയിട്ടും അധികൃതര്‍ക്ക് കേട്ടഭാവം പോലുമില്ല.

അങ്കമാലി ടി.ബി ജംക്‌ഷനില്‍നിന്ന് നഗരസഭയുടെ മുന്നിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ പരിസരത്തെത്തുന്ന റോഡാണ് നഗരസഭ അടച്ചുകെട്ടി സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞത്. നാട്ടുകാരുടെ പരാതിയില്‍ ആലുവ താലൂക്ക് സര്‍വേയര്‍ പരിശോധന നടത്തുകയും കഴി‍ഞ്ഞ വര്‍ഷം അളന്ന് കല്ലിടുകയും ചെയ്തു. നഗരസഭയുടെ മുന്നിലെത്തുമ്പോഴേക്കും റോഡ് മെലിഞ്ഞു ചെറുതായെന്ന് റവന്യൂ രേഖകളില്‍നിന്നുതന്നെ വ്യക്തം. പക്ഷേ മതില്‍ പൊളിച്ചുമാറ്റി റോഡ് പുനസ്ഥാപിക്കാന്‍ നഗരസഭ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

നഗരസഭ പുതിയ കെട്ടിടം നിര്‍മിച്ചതിനുശേഷം മതില്‍ പണിയുന്നതിന് മുന്‍പുതന്നെ റോഡ് അളക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. നഗരസഭയ്ക്ക് പിന്നാലെ സമീപത്തെ കെട്ടിടമുടമകളും റോഡ് കയ്യേറി. വഴിയുടെ അളവുകള്‍ രേഖപ്പെടുത്തി കിട്ടിയിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.