18 സ്കൂളുകളിൽ ശാസ്ത്ര പാർക്കുകൾ; കുട്ടികൾക്ക് പഞ്ചായത്തിന്റെ സമ്മാനം

കൊറോണ ഭീഷണിയൊഴിഞ്ഞ് സ്കൂളുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രപാര്‍ക്കുകളൊരുക്കി കോട്ടയം രാമപുരം പഞ്ചായത്ത്. ടെക് മലപ്പുറമെന്ന ശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ പതിനെട്ട് സ്കൂളുകളിലാണ് വിസ്മയ പാര്‍ക്കുകള്‍ ഒരുക്കുന്നത്. അറുനൂറ് വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

ശാസ്ത്ര, ഗണിത വിഷയങ്ങളുടെ പഠനം കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. ശാസ്ത്ര ലാബിലൂടെ ശാസ്ത്രത്തിന്‍റെ കൗതുകവും വിസ്മയവും കുട്ടികളിലെത്തും. ടെലിസ്കോപ്പ്,പ്രതിബിംബ ദൂരമാപിനി, മിറക്കിള്‍ സിറ്റി, പാതാളക്കിണര്‍ അങ്ങനെ മുപ്പത്തിയഞ്ചിലേറെ മാതൃകകളാണ് ശാസ്ത്ര പാര്‍ക്കിലുള്ളത്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ചെയ്യുന്നതിനുള്ള ശാസ്ത്ര, ഗണിത ഉപകരണങ്ങള്‍ അധ്യാപകര്‍ വീടുകളിലാണ് തയാറാക്കിയത്. പാര്‍ക്കിനായി പഞ്ചായത്ത് ചെലവഴിച്ചത് നാല് ലക്ഷം രൂപയാണ്. പാര്‍ക്കിന്‍റെ ഉദ്ഘാടനം  അമനകര ഗവ എല്‍പി സ്കൂളില്‍ നടന്നു. 

നിലവില്‍ പതിനെട്ട് സ്കൂളുകളിലേക്കു ആവശ്യമായ മാതൃകകള്‍ അമനകര സ്കൂളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് പിന്നീട് അതാത് സ്കൂളുകളിലേക്ക് വിതരണം ചെയ്യും. കുട്ടികള്‍ക്ക് വീടുകളില്‍ പരീക്ഷണം നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ രണ്ടാംഘട്ടത്തില്‍ വികസിപ്പിക്കും. രാമപുരത്തിന് പുറമെ മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം പഞ്ചായത്തിലും തിരൂര്‍ നഗരസഭയിലുമാണ് സംസ്ഥാനത്തെ മറ്റു ശാസ്ത്ര പാര്‍ക്കുകള്‍.