വാഴച്ചാലില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് പതിവാകുന്നു; ആശങ്കയില്‍ യാത്രക്കാര്‍

അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാനക്കൂട്ടം വഴിയരികില്‍ തമ്പടിക്കുന്നതിനാല്‍ വഴിയാത്രക്കാര്‍ ആശങ്കയില്‍. പല സയമത്തും കാട്ടാനക്കൂട്ടം റോഡിലിറങ്ങുന്നുമുണ്ട്. 

ചാലക്കുടി...മലക്കപ്പാറ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ രണ്ടു സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസ് കടന്നുപോകുന്ന വഴിയില്‍തന്നെയാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. അതിരപ്പിള്ളി മലയ്ക്കപാറയ്ക്കും മധ്യേയുള്ള റോഡിലാണ് കാട്ടാനക്കൂട്ടം പതിവായി വരുന്നത്. കാട്ടില്‍ കനത്ത മഴയും കാറ്റും തുടങ്ങിയതോടെ തുറസായ സ്ഥലം തേടിയാണ് വരവ്. വഴിയരികിലുള്ള ഇത്തരം തുറസായ സ്ഥലങ്ങളില്‍ മിക്കപ്പോഴും കാട്ടാനകളെ കാണാം. വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ ഈ റൂട്ടില്‍ വിലക്കുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളും ഈ മേഖലയിലെ താമസക്കാരും മാത്രമാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

രാത്രികാലങ്ങളില്‍ യാത്ര വനംവകുപ്പ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും മാത്രമായി ചുരുക്കി. രാത്രിയിലെ പൊലീസ് പട്രോളിങ് ഇതുവഴി അതീവ ജാഗ്രതയിലാണ്. വാഹനങ്ങള്‍ക്കു നേരെ ആനകള്‍ പാഞ്ഞടുക്കുന്നതും ഭീതി പരത്തുന്നുണ്ട്.