മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിയാൻ സാധ്യത; പരിശോധന നടത്തി

കഴിഞ്ഞ മാസം വലിയ മണ്ണിടിച്ചിലുണ്ടായ  മൂന്നാര്‍ ഗ്യാപ് റോഡില്‍ എന്‍.ഐ.ടി  സംഘം പരിശോധന നടത്തി.  വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതുകൊണ്ട്  ആളുകളെ  മാറ്റിപ്പാര്‍പ്പിക്കേണ്ടി  വരുമെന്നാണ് വിലയിരുത്തല്‍. റോഡ് നിര്‍മാണം  നിര്‍ത്തിവയ്ക്കണമെന്നും കര്‍ഷകര്‍ക്ക്  നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ദേശീയപാത നവീകരണത്തിന് അശാസ്ത്രീയമായി പാറപൊട്ടിച്ചതിനാല്‍   മൂന്ന് തവണയാണ് ഇവിടെ   വന്‍ മലയിടിച്ചില്‍ ഉണ്ടായത്. 2019ല്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ 17ന് ഉണ്ടായ മണ്ണിടിച്ചിലില്‍ അറുപത് ഏക്കറോളം കൃഷിയിടം പൂര്‍ണമായി തകര്‍ന്നു. പിന്നീട് പാറ ഖനനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. 

പ്രദേശത്ത്  പഠനം നടത്തണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് കോഴിക്കോട് എന്‍ ഐ ടിയില്‍ നിന്നുള്ള മൂന്നംഗ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. മണ്ണിടിയാന്‍ ഇനിയും സാധ്യതയുള്ളതിനാല്‍  ആളുകളെ മാറ്റി പാര്‍പ്പിക്കണമെന്ന്  സംഘം വ്യക്തമാക്കി.

വന്‍ സ്‌ഫോടനം നടത്തിയതിന് ശേഷമാണ്  ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതെന്നും കൃഷിയിടങ്ങള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കുള്ളില്‍ എന്‍.ഐ.ടി സംഘം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.