വൈദ്യുതി തടസ്സം: കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

വൈദ്യുതി തടസവും വിതരണ സംവിധാനം വിപുലീകരിക്കാത്തതും വൈക്കത്ത് കുടിവെള്ള വിതരണത്തിന് പ്രതിസന്ധിയാകുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ ദിവസങ്ങളോളം കുടിവെള്ളം നിലക്കുന്നത് പതിവാണ്. പ്രശ്നപരിഹാരത്തിനായി വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ പദ്ധതികള്‍ ഒരു വര്‍ഷമായി ഫയലില്‍ തന്നെ തുടരുകയാണ്. 

വൈക്കം വാട്ടർ അതോറിറ്റി ഓഫിസിനു കീഴിൽ 35000 കണക്ഷനുകളിലായി 2 ലക്ഷത്തോളം പേർക്കാണ് കുടിവെള്ളം എത്തുന്നത്. 24 മണിക്കൂറും പമ്പിങ് നടന്നാൽ ഒരു കോടി 80 ലക്ഷം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുക. ഉപയോഗം കൂടിയപ്പോൾ വിതരണം കൂട്ടാനുള്ള വാട്ടർ അതോറിറ്റിയുടെ പദ്ധതികളൊന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. ഇതുമൂലം കൃത്യമായി വെള്ളമെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാറില്ല. ആഴ്ചയിൽ ഇടവിട്ട് മൂന്ന് ദിവസം വീതമാണ് വൈക്കത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തുക. എന്നാല്‍ തുടര്‍ച്ചയായ വൈദ്യുതി മുടക്കം വിതരണത്തിലെ താളം തെറ്റിച്ചു. പിറവം ഫീഡറിൽ നിന്നാണ് വെള്ളൂരിലെ പമ്പിങ് കേന്ദ്രത്തിലും ശുചികരണ പ്ലാന്റിലും വൈദ്യുതി എത്തുന്നത്. മറ്റൊരു ഫീഡറില്‍ നിന്ന് വൈദ്യുതി എത്തിക്കാനായാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

  

നിലവിൽ പഞ്ചായത്തുകൾക്കുള്ള വിതരണ പദ്ധതിയിലൂടെയാണ് നഗരസഭയിലും കുടിവെള്ളമെത്തുന്നത്. പമ്പിങ് തടസപ്പെടുമ്പോൾ പെപ്പുകളിലുണ്ടാകുന്ന വായു സമ്മർദവും വെള്ളമെത്തുന്നത് തടയും. വല്ലകത്തെ സബ് സ്റ്റേഷനിൽ നിന്ന് കേബിൾ ഫീഡർ വഴി വൈദ്യുതി എത്തിച്ചാലും പ്രതിസന്ധി പരിഹരിക്കാം. അയ്യർകുളങ്ങരയിലെ ഒന്നര ഏക്കർ സ്ഥലത്ത് ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിച്ചാലും വൈക്കത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാവും. ഭരണകര്‍ത്താക്കളുടെ അലംഭാവത്തിന് നിരന്തരം പഴി കേൾക്കേണ്ട ദുരവസ്ഥയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക്.