ഒറ്റ രാത്രി; വെള്ളം എവിടെ?; വേനലിൽ പോലും വറ്റാത്ത കിണറിന് സംഭവിച്ചതെന്ത്?

ഓണംതുരുത്ത്: കിണറിലെ വെള്ളം ഒറ്റ രാത്രികൊണ്ട് താഴ്ന്നു പോയതു വീട്ടുകാരെ ആശങ്കയിലാഴ്ത്തി. നീണ്ടൂർ പഞ്ചായത്തിലെ 6–ാം വാർഡിലെ ഓണംതുരുത്ത് വാസ്കോ ഭവനിലെ കണിയാറുംതൊട്ടിയിൽ ബേബി ഏബ്രഹാമിന്റെ കിണറ്റിലെ വെള്ളമാണു താഴ്ന്നത്. ശക്തമായ വേനലിൽ പോലും വറ്റാത്ത കിണറ്റിലെ വെള്ളം ഒറ്റ ദിവസം കൊണ്ടാണു താഴ്ന്നു പോയത്. 

ബേബിയുടെ വീടിന്റെ സമീപത്തു താമസിക്കുന്ന 4 ബന്ധുക്കളുടെ വീട്ടിലേക്കും വർഷങ്ങളായി ഇതേ കിണറ്റിൽ നിന്നു മോട്ടർ ഉപയോഗിച്ചാണു വെള്ളം എടുത്തിരുന്നത്. 40 വർഷം മുൻപാണു 48 അടി താഴ്ചയുള്ള കിണർ കുഴിച്ചത്. ഇന്നലെ മോട്ടർ അടിച്ചപ്പോൾ വലിയ ശബ്ദം കേട്ടതിനെത്തുടർന്നു ബേബി കിണറ്റിൽ നോക്കിയപ്പോഴാണു വെള്ളം ഇല്ലാതായതു ശ്രദ്ധിച്ചത്. റവന്യു അധികൃതർ സ്ഥലത്തെത്തി. വരും ദിവസം ജിയോളജി വിഭാഗവും പരിശോധന നടത്തും.