മൂന്നാംഘട്ടത്തിൽ പ്രത്യേക കര്‍മപദ്ധതി: കോവിഡിനെ തുരത്താൻ ഉറച്ച് കൊച്ചി

മൂന്നാം ഘട്ട കോവിഡ് പ്രതിരോധത്തിന് പ്രത്യേക കര്‍മപദ്ധതിയുമായി എറണാകുളം ജില്ലാ ഭരണകൂടം. നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ നിന്ന് രോഗ വ്യാപനസാധ്യത കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.  

പ്രവാസികളുടെ തിരിച്ച് വരവ് തുടങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നത് നെടുമ്പാശേരി വിമാനത്താവളത്തിലാണ്. തൃശൂര്‍,എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പുറമേ പാലക്കാട് ജില്ലയുടെ പകുതിയോളം വരുന്ന ഇടങ്ങളിലെ പ്രവാസികളും എത്തിച്ചേരുക നെടുമ്പാശേരിയില്‍ തന്നെ. പ്രവാസികളുടെ ക്വാറന്റീന്‍, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ കര്‍മപദ്ധതി തയാറാക്കി കഴിഞ്ഞു. സോഫ്ട്്വെയറിന്റെ സഹായത്തോടെയാണ് നെടുമ്പാശേരിയിലെത്തുന്നവരുടെ മുഴുവന്‍ വിവരവും ശേഖരിക്കുക. വിമാനത്താവളത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുമായി നേരിട്ട് ഇടപഴകില്ല. തെര്‍മല്‍ സ്ക്രീനിങ്ങില്‍ രോഗലക്ഷണം കണ്ടെത്തുന്നവരെ ഉടന്‍ കോവിഡ് സെന്ററുകളിലേക്ക് മാറ്റും. നെടുമ്പാശേരിയില്‍ ഡ്യൂട്ടിയിലുണ്ടായിരു്ന രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം ക്രമീകരണങ്ങള്‍.

ജില്ല കോവിഡ് മുക്തമായെങ്കിലും നിലവില്‍ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനില്‍ കഴിയുന്നവരുടെ നിരീക്ഷണം തുടരുകയാണ്. ഒപ്പം ജില്ലയില്‍ ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും കര്‍ശന നിരീക്ഷണത്തിലാണ്. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തനനിരതമാണ്.