വീട് നിർമിക്കാനനുവദിക്കുന്നില്ലെന്ന് പരാതി; ഡിവൈഎഫ്ഐ നേതാവിനെതിരെ കുടുംബം

കോട്ടയം മാഞ്ഞൂരില്‍ നിര്‍ധന കുടുംബത്തെ വീട് നിര്‍മിക്കാന്‍ അനുവദിക്കാതെ ഡിവൈഎഫ്ഐ നേതാവും കുടുംബവും. പ്രളയത്തെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായ വീടിന്‍റെ നിര്‍മാണത്തിനെത്തിയ വനിത സംഘടന പ്രവര്‍ത്തകരെ നേതാവിന്‍റെ നേതൃത്വത്തില്‍  ക്രൂരമായി മര്‍ദിച്ചു. 

വൃക്കരോഗിയായ ചൊവോംപറമ്പില്‍ അശോകന്‍റെ വീട് നിര്‍മാണമാണ് അനന്തമായി നീളുന്നത്. ബന്ധുവും അയല്‍വാസിയുമായ ഡിവൈഎഫ്ഐ മാഞ്ഞൂര്‍ മേഖല സെക്രട്ടറി ആദര്‍ശും കുടുംബവുമാണ് തടസം നില്‍ക്കുന്നതെന്നാണ് പരാതി. വഴിയെ ചൊല്ലിയുള്ള തര്‍ക്കമാണ് വൈരാഗ്യത്തിന് കാരണം. മൂന്ന് തവണ വീട് നിര്‍മാണം തടസപ്പെടുത്തി. 

രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ സഹായിക്കാന്‍ ഏറ്റുമാനൂരിലെ അര്‍ച്ചന വനിത കൂട്ടായ്മയാണ്ഒടുവില്‍ തയ്യാറായത്. തിങ്കളാഴ്ച നിര്‍മാണ സാമഗ്രികളുമായെത്തിയ സംഘടന പ്രവര്‍ത്തകരെ ആദര്‍ശും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വനിതകളെയും അപമാനിച്ചു.

കടുത്തുരുത്തി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. രാഷ്ട്രീയ സമ്മര്‍ദമാണ് പൊലീസിന്‍റെ നിസംഗതയ്ക്ക് കാരണമെന്നാണ് ആരോപണം. അതേസമയം വിഷയത്തില്‍ പങ്കില്ലെന്നാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്.