മൂന്നാറിലെ സ്ട്രോബറി വിളവെടുപ്പ്; സംഭരണത്തിനും വിതരണത്തിനും സംവിധാനം

മൂന്നാറിലെ സ്ട്രോബറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. 70 ഹെക്ടറിലാണ് സ്ട്രോബറി കൃഷി ചെയ്തിരിക്കുന്നത്. സ്ട്രോബറി സംഭരണത്തിനും വിതരണത്തിനുമായി ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സ്ട്രോബറി പാർക്കും ആരംഭിച്ചിട്ടുണ്ട്. 

മൂന്നാറിലെ കാലാവസ്ഥ സ്ട്രോബറി  കൃഷിക്ക് അനുയോജ്യമാണ്. ഇവിടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് ഇത്തവണ കൃഷി നടത്തിയത്. 200 ലേറെ കർഷകർ 70 ഹെക്ടറിൽ ഇതിനോടകം സ്ട്രോബറി കൃഷി ചെയ്തിട്ടുണ്ട്. സ്ട്രോബറി വിളവെടുപ്പ്  കൃഷി  മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 100 ഹെടക്ടറില്‍ കൃഷി വ്യാപിപ്പിക്കാനും  ജില്ലയില്‍ സട്രോബറിയുടെ മാതൃകാ തോട്ടങ്ങള്‍ ഒരുക്കാനും  നടപടി സ്വീകരിക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ സഹായത്തോടെ വിഷരഹിതമായ സ്ട്രോബറിയുടെ ഉല്‍പാദനവും വിതരണവും നടത്താനാണ് തീരുമാനം.

 ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന സ്ട്രോബറി പാർക്കിൽ കിലൊ 400 രൂപയ്ക്കാണ് പാകമായ സ്ട്രോബറി സംഭരിക്കുന്നത്. തേനിൽ സംസ്കരിച്ച  സ്ട്രോബറി ഹണിയും ,സ്ട്രോബറി ഹണി പ്രസർവും ഹോർട്ടികോർപ്പ് വിപണയിലെത്തിക്കും.   മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ ഉല്‍പാദിപ്പിക്കുന്നവ മൂന്നാറിലെ ഹോര്‍ട്ടി കോര്‍പ്പിന്റെ സംസ്‌കരണ കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് എത്തിക്കാനുള്ള അവസരവും  ഒരുക്കും.