തകർന്നു വീഴാറായി ചിറപ്പാലം; ജീവൻ പണയപ്പെടുത്തി നാട്ടുകാരുടെ സാഹസികയാത്ര

ഗതാഗതം നിരോധിച്ച പാലത്തിലൂടെ സാഹസിക യാത്ര. തൃശൂര്‍ എരുമപ്പെട്ടിയില്‍ വാഴാനിപുഴയ്ക്കു കുറുകെയുള്ള മുട്ടിക്കല്‍ ചിറപ്പാലത്തിലാണ് നാട്ടുകാര്‍ ജീവന്‍ പണയപ്പെടുത്തി യാത്ര ചെയ്യുന്നത്. പ്രതിദിനം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്. മുട്ടിക്കല്‍ ചിറപ്പാലം. കാലപ്പഴക്കംമൂലം ഏതും സമയവും തകര്‍ന്നു വീഴാം.

ഓട്ടുപാറ-കുന്നംകുളം സംസ്ഥാന പാതയോട് ചേര്‍ന്നാണ് ഈപാലം. ആറ്റത്ര മേഖലയിലേക്കുള്ള വഴി. ഈ പാലത്തിലൂടെ യാത്ര ചെയ്താല്‍ മൂന്നു കിലോമീറ്റര്‍ എളുപ്പമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ വരെ പോകുന്നതും ഈ പാലത്തിലൂടെയാണ്. പാലത്തിന്‍റെ അടിയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു. കമ്പികള്‍ പുറത്തു കാണാം. പ്രളയത്തില്‍ ഭാഗം പുഴയെടുത്തു. സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചിട്ടില്ല. 

പാലം അപകടത്തിലാണെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഭാരം കയറ്റിയ വണ്ടികള്‍ പോലും ഇതുവഴി കടന്നുപോകുന്നത് ഏതുസമയത്തും അപകടം വരുത്താം. പാലം പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ മുറവിളി തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ, പാലം പണി മാത്രം നടന്നില്ല.