മൂന്നാർ ഗ്യാപ്പ് റോഡ് എന്‍ഐടി സംഘം സന്ദര്‍ശിച്ചു

മലയിടിച്ചിലില്‍  തകര്‍ന്ന  മൂന്നാര്‍ ഗ്യാപ്പ് റോഡ്  എന്‍ഐടി സംഘം സന്ദര്‍ശിച്ചു.  പാതയിലെ  തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പത്ത് ദിവസത്തിനുള്ളില്‍  അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  പുതുവല്‍സരം പ്രമാണിച്ച് ഗ്യാപ്പ് റോഡ് ജനുവരി രണ്ട് വരെ തുറന്നു നല്‍കുന്ന കാര്യം  പരിഗണനയിലാണെന്ന് ദേവികുളം സബ് കലക്ടര്‍ അറിയിച്ചു.

മലയിടിച്ചില്‍ ഉണ്ടായ ഗ്യാപ്പ് റോഡ് ഭാഗത്തെ ശാസ്ത്രീയ പഠനത്തിനായി  എന്‍ഐടിയിലെ വിദഗ്ധരടങ്ങുന്ന സംഘമാണ്  സന്ദര്‍ശിച്ചത്.  പാതയിലെ നിര്‍മാണ ജോലികളും  പാരിസ്ഥിതിക സാഹചര്യവും സംഘം വിലയിരുത്തി.  പാതയോരത്ത് അവശേഷിക്കുന്ന പാറക്കല്ലുകള്‍ ദുര്‍ബലമാണെന്നും അവ ഘട്ടംഘട്ടമായി പൊട്ടിച്ച് നീക്കണമെന്നും  നിര്‍ദേശിച്ചു. പത്ത് ദിവസത്തിനുള്ളില്‍ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഗ്യാപ്പ് റോഡ് ജനുവരി രണ്ട് വരെ തുറന്നു നല്‍കുന്ന കാര്യത്തില്‍  ജില്ലാ കലക്ടര്‍ അന്തിമ തീരുമാനമെടുക്കും. പൊലീസിന്റെ സാന്നിധ്യത്തില്‍ ചെറുവാഹനങ്ങള്‍ കടത്തി വിടാനാണ് ആലോചന. മൂന്നാറില്‍ തിരക്കേറിയെങ്കിലും ഗതാഗത തടസ്സം മൂലം ചിന്നക്കനാലും സൂര്യനെല്ലിയും ദേവികുളവും ആളൊഴിഞ്ഞ് കിടക്കുകയാണ്. പാതയിലേക്ക്  പതിച്ച പാറക്കല്ലുകള്‍  പൊട്ടിച്ച് നീക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.