ആലപ്പാട് കുട്ടികളുടെ ഗ്രാമം നശിക്കുന്നു; കേന്ദ്രം ഏറ്റെടുക്കാൻ തയ്യാറായി സംഘടനകൾ

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കുട്ടികളുടെ ഗ്രാമം നശിക്കുന്നു. സുനാമി പുനരധിവാസത്തിന്റെ ഭാഗമായി പണിത കെട്ടിടമിപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ഇവിടേക്കുള്ള വഴി ചിലർ കൈയ്യേറിയതായും ആക്ഷേപമുണ്ട്. 

മൂന്നു വശവും ജലാശയത്താല്‍ ചുറ്റപ്പെട്ടൊരിടം. കടലോര മേഖലയിലെ സാംസ്കാരിക കേന്ദ്രമായി മാറേണ്ടിയിരുന്ന ഒരു കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിതാണ്. കെട്ടിടവും പരിസരവും കാട് കയറി നശിക്കുന്നു. വിദേശ മലയാളികളുടെ കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ രൂപികരിച്ച ട്രസ്റ്റിന്റെ മുന്‍കൈയ്യിലാണ് ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം കുട്ടികളുടെ കലാകേന്ദ്രം പണിതത്. 2005 ല്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രം ആദ്യകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതാണ്.

ഉടമസ്ഥാവകാശം ട്രസ്റ്റിനായതിനാല്‍ പഞ്ചായത്തിനു ഒന്നും ചെയ്യാനാകാത്ത ‍അവസ്ഥായാണ്.ഉടമസ്ഥര്‍ അനുമതി നല്‍കിയാല്‍ പ്രദേശത്തെ നിരവധി സംഘടനകള്‍ കലാകേന്ദ്രം ഏറ്റെടുത്തു നടത്താന്‍ തയാറാണ്.