വിദ്യഭ്യാസസ്ഥാപനങ്ങളിൽ ശുചീകരണം; പാലിച്ചിലെങ്കിൽ നടപടി

വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി, ചെങ്ങന്നൂർ മണ്ഡലത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ തീവ്രശുചീകരണ യജ്ഞം. അംഗൻവാടികൾ മുതൽ ഉന്നതവിദ്യാഭ്യാസ  സ്ഥാപങ്ങളിൽവരെയാണ് രണ്ടുദിവസത്തെ ശുചീകരണപരിപാടികൾ. ശുചിത്വംപാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് എംഎൽഎ സജി ചെറിയാൻ പറഞ്ഞു. 

ബത്തേരിയിലെ സ്കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചെങ്ങന്നൂരിലെ വിദ്യാലയങ്ങളിൽ ഇങ്ങനെയൊരു നടപടി. രണ്ടുദിവസത്തെ  ശുചീകരണപരിപാടികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത്. എൻഎസ്എസ്, എൻസിസി തുടങ്ങി വിദ്യാർത്ഥികൂട്ടായ്മകളുടെയും, സന്നദ്ധ സംഘടനകളുടെയും, അധ്യാപകർ - ജനപ്രതിനിധികൾ തുടങ്ങിയവരുടെയും  പിന്തുണയോടെയാണ് ശുചീകരണം. എല്ലാവരും ഒരേമനസോടെ ഇറങ്ങിയപ്പോൾ വിദ്യാലയവും പരിസരവും വൃത്തിയായി. ഈ പ്രവർത്തനം ഒരുദിവസംകൊണ്ട് അവസാനിക്കുന്നതല്ലന്നും, തുടർ നിരീക്ഷണത്തിനായി സ്‌ക്വാഡുകൾ ഉണ്ടാകുമെന്നും എംഎൽഎ സജി ചെറിയാൻ പറഞ്ഞു. ശുചിത്വം പാലിക്കാത്ത വിദ്യാലയങ്ങൾക്കെതിരെ നടപടിയുണ്ടാകും. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുംമാസങ്ങളിൽ ഒരുദിവസം ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഉപയോഗശൂന്യമായതും, പഴക്കംചെന്നതുമായ കെട്ടിടങ്ങൾ ഒരുമാസത്തിനകം പൊളിച്ചുമാറ്റാനും തീരുമാനമുണ്ട്.