ഒറ്റപ്പെട്ട് ചിന്നക്കനാൽ റോഡ്; സമരത്തിനൊരുങ്ങി നാട്ടുകാർ

മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന്  ഗതാഗതം നിലച്ചതോടെ  ചിന്നക്കനാല്‍ മേഖല ഒറ്റപ്പെട്ടു.   സമാന്തര പാത തുറക്കണമെന്ന ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്. വിനോദ സഞ്ചാര മേഖലകളിലേയ്ക്കുള്‍പ്പെടെയുള്ള വഴികള്‍ അ‍ടഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് നിര്‍മാണത്തിലിരുന്ന  ദേശീയ പാത 85ല്‍ ഗ്യാപ് റോഡ് ഭാഗത്ത് വന്‍ മലയിടിച്ചില്‍ ഉണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലയ്ക്കുകയും ചെയ്തു. ഇതോടെ ചിന്നക്കനാല്‍ പഞ്ചായത്തിലുള്ള ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് റോഡില്ലാത്ത അവസ്ഥയാണ്. മൂന്നാറിലും, പൂപ്പാറയിലുമടക്കം എത്തിപ്പെടുന്നതിന് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം.ദേവികുളം– ഓഡിക്ക റോഡ് സമാന്തരപാതയായി തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും നപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിലവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചിന്നക്കനാല്‍ ജനകീയ രക്ഷാ സമതി രൂപീകരിച്ച് സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

സമാന്തര പാത തുറക്കുന്നതിനൊപ്പം ദേശീയപാതയുടെ നിര്‍മാണവും, പഞ്ചായത്തിലെ മറ്റ് റോഡുകളുടെ ശോചനീയാവസ്ഥയും അടിയന്തിരമായി പരിഹരിക്കണം. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാണ്ടി അടുത്ത ദിവസം ജനകീയ സമതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പൂപ്പാറയില്‍ ദേശീയപാത ഉപരോധമടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം