കാരുണ്യ കേന്ദ്രത്തിലെ യുവതികള്‍ക്ക് മംഗല്യഭാഗ്യം

അരൂക്കുറ്റിയിലെ ദിശ കാരുണ്യ കേന്ദ്രത്തിലെ മൂന്ന് യുവതികള്‍ക്ക് മംഗല്യഭാഗ്യം. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരികളായ നര്‍ഗീസ് ബാനു, ഫാത്തിമ എന്നിവര്‍ക്കും മഹാലക്ഷ്മിയ്ക്കു‌മാണ് പുതുജീവിതത്തിലേക്ക് വഴിയൊരുങ്ങുന്നത്. 

എഴുവര്‍ഷം മുമ്പാണ് ആലപ്പുഴ അരൂക്കുറ്റിയില്‍ അനാഥബാല്യങ്ങള്‍ക്ക് തണലൊരുക്കി ദിശാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ദിശാ കാരുണ്യ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. മുപ്പത്തിമൂന്നോളം ബാല്യകൗമാരങ്ങള്‍ ഈ തണലില്‍ ജീവിക്കുന്നു. 20 യുവതികളെ ഇതിനകംതന്നെ ദിശ വിവാഹം കഴിപ്പിച്ചയച്ചു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വാടാനപ്പള്ളി റഹ്മത്ത് നഗര്‍ ചൂണ്ടക്കളം പരേതനായ സലിം– ഹാജിറ ദമ്പതികളുടെ മകള്‍ നര്‍ഗീസ് ബാനു ദിശയിലെത്തുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചാരുംമൂട് തുണ്ടുപുരയില്‍ ഷാഹുദ്ദീന്‍–അനീഷ എന്നിവരുടെ മകള്‍  ഫാത്തിമയും ഇവിടെയെത്തി. ഇരുവരും ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരികളാണ്.  

നന്നേ കുട്ടിക്കാലത്ത് ദിശയിലെത്തി ബിരുദപഠനം പൂര്‍ത്തിയാക്കിയ തമിഴ്നാട്ടുകാരിയായ മഹാലക്ഷ്മിയുടെ മോതിരംമാറല്‍ ചടങ്ങും കൂട്ടുകാരികളുടെ വിവാഹ സല്‍ക്കാരത്തിനൊപ്പം ദിശയില്‍‌ നടന്നു. തൈക്കാട്ടുശേരി കുട്ടന്‍ചാലില്‍ മണിയപ്പന്‍–ആനന്ദവല്ലി ദമ്പതികളുടെ മകന്‍ മഹേഷാണ് മഹാലക്ഷ്മിയുടെ വരന്‍. ഡിസംബര്‍ എട്ടിന് കളവംകോടം ക്ഷേത്രത്തിലാണ്  ഇവരുടെ വിവാഹം. ദിശ പ്രസിഡന്റ് സലിം ചെറുകാട്,  ജനറല്‍‌ സെക്രട്ടറി മിര്‍സാദ് പാണ്ഡവത് എന്നിവരാണ്  വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.  ജനപ്രതിനിധികളും ചടങ്ങില്‍‌ പങ്കെ‍ടുത്തു.