വൈകല്യം തളർത്താത്ത കല; ഭിന്നശേഷിക്കാർക്കായി സാഹിത്യ ക്യാംപ്

ഭിന്നശേഷിക്കാരായ എഴുത്തുകാര്‍ക്കായി സംസ്ഥാനതലത്തില്‍ സാഹിത്യ ക്യാംപ് സംഘടിപ്പിച്ചു. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍വച്ചാണ് വരമൊഴി 2019 എന്ന പേരില്‍ കൂട്ടായ്മയൊരുക്കിയത്. മലയാള സാഹിത്യ ശാഖയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയായിരുന്നു ക്യാംപിന്റെ ലക്ഷ്യം. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ഭിന്നശേഷി എഴുത്തുകാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ശരീരത്തിനേറ്റ വൈകല്യം ഉള്ളിലുള്ള കലയെ തളര്‍ത്തില്ലെന്ന വാശിയാണ് എഴുത്തുമായി മുന്നോട്ട് പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. മലയാള സാഹിത്യ ശാഖയില്‍ ഭിന്നശേഷി സാഹിത്യത്തിന് ചരിത്രപരമായ പങ്ക് വഹിക്കുന്നതിനുള്ള വേദിയായി ക്യാംപ് മാറി. 

വ്യത്യസ്തരായ മനുഷ്യരെ ഏകോപിപ്പിക്കുന്നതിന് സാഹിത്യത്തിനും കലക്കുമുള്ള പ്രത്യേക പങ്കാണ് ക്യാംപില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായൊരു വ്യക്തിക്വമുണ്ടാക്കാനും എഴുത്ത് സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.