പൗലോ കൊയ്‌ലോയുടെ പ്രശംസ നേടി പുസ്തകശാല; ഇനി മലയാളിയുടെ വായനാലോകത്ത്

വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്്ലോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ കേരളത്തിലെ ഒരു പുസ്തകശാലയുടെ ചിത്രം പങ്കുവച്ചിരുന്നു. പൗലോ കൊയ്്ലോയുടെ പ്രശംസ പിടിച്ചുപറ്റിയ ആ പുസ്തകശാല അടുത്തമാസം മുതല്‍ മലയാളിയുടെ വായനാലോകത്തേക്ക് എത്തും. ആലുവയിലാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം’ എന്ന അടിമുടി വ്യത്യസ്തമായ ഈ പുസ്തകശാല. 

വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്്ലോയുടെ മനസില്‍ ഒരു പുസ്തകശാല ഇടം പിടിക്കുക. ചെറിയ കാര്യമല്ലത്. എന്നാല്‍ അങ്ങനൊരു പുസ്തകശാലയുണ്ട്. കേരളത്തില്‍. ആലുവയില്‍. പേര് വണ്‍സ് അപ്പോണ്‍ എ ടൈം. പൗലോ കൊയ്്ലോയുടെ ആല്‍ക്കെമിസ്റ്റിനൊപ്പം മൊബിഡിക്, ആടുജീവിതം ഹാരി പോര്‍ട്ടര്‍ എന്നീ പുസ്തകങ്ങള്‍ ഷെല്‍ഫില്‍ അടുക്കി വച്ച രീതിയിലാണ് പുസ്തകശാലയുടെ രൂപകല്‍പന. വേറിട്ട ഈ രൂപകല്‍പന തന്നെയാണ് പൗലോ കൊയ്്ലോയുടെ മനസ് കീഴടക്കിയത്. ഈ ചിത്രം പൗലോ കൊയ്്ലോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വണ്‍സ് അപ്പോണ്‍ എ ടൈം ഉദ്ഘാടനത്തിനു മുമ്പേ വൈറലായി. 

എഞ്ചിനീയര്‍മാരായ മഞ്ജുവിന്റെയും അജികുമാറിന്‍റെയും, സ്വന്തമായൊരു പുസ്തകശാലയെന്ന സ്വപ്നമാണ് വണ്‍സ് അപ്പോണ്‍ എ ടൈം എന്ന പേരില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. മൂന്നു വയസുള്ള കുട്ടിമുതല്‍ വായനയെ അതീവ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് വരെ വേണ്ടിയുള്ള അപൂര്‍വ പുസ്തകങ്ങള്‍ ഇവിടെയുണ്ടാകും. പതിവു പുസ്തകശാലകളില്‍ നിന്ന് തികച്ചും വേറിട്ട ഒരു അനുഭവമാണ് വണ്‍സ് അപ്പോണ്‍ എ ടൈം സമ്മാനിക്കുക.

പൗലോ കൊയ്്ലോയുടെ പ്രശംസയുടെ ചിറകിലേറി അടുത്തമാസം മുതല്‍ മലയാളിയുടെ പുസ്തകലോകത്ത് വണ്‍സ് അപ്പോണ്‍ എ ടൈമും ഉണ്ടാകും.