കൊച്ചി കപ്പൽശാലയിൽ പരിശോധന ശക്തം; മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവദിച്ചില്ല; പ്രതിഷേധം

കൊച്ചി കപ്പൽശാലയ്ക്ക് മുന്നിൽ കരാർ തൊഴിലാളികളുടെ പ്രതിഷേധം. മൊബൈൽ ഫോൺ അകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. കപ്പൽശാലയിൽനിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ മോഷണം പോയതിനെ തുടർന്നാണ് ഫോൺ നിയന്ത്രണം ഏർപ്പെടുത്തിയത്.

കൊച്ചി കപ്പൽശാലയിലെ കരാർ തൊഴിലാളികൾ ജോലിക്ക് പ്രവേശിക്കുന്ന ഗേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. രാവിലെ ഗേറ്റിലെത്തിയ ജീവനക്കാരോട് മൊബൈൽ കൊണ്ടുപോകാനാകില്ലെന്ന് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് അറിയിച്ചു. മുൻകൂർ അറിയിപ്പൊന്നുമില്ലാതെയുള്ള നടപടി തൊഴിലാളികളെ വെട്ടിലാക്കി. നാലായിരത്തി അഞ്ഞൂറോളം തൊഴിലാളികൾ ഗേറ്റിന് മുന്നിൽ തടിച്ചു കൂടി. ഒടുവിൽ യൂണിയൻ നേതാക്കൾ ഇടപെട്ട് ഫോണുമായി അകത്ത് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം സ്ഥിര ജീവനക്കാർക്ക് നിയന്ത്രണമില്ലാതിരുന്നത് വിവേചനമാണെന്ന് തൊഴിലാളികൾ ആരോപിച്ചു.

കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലിൽനിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ മോഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കിയിരുന്നു. ജീവനക്കാരുടെ ബാഗുകളടക്കം പരിശോധിക്കുന്നുണ്ട്. എന്നാൽ വാഹനങ്ങളിലെ പരിശോധന കാര്യക്ഷമമല്ലെന്ന ആരോപണവും തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നു.