പ്ലാച്ചിമട സമരസമിതി മാർച്ച് നാളെ; നഷ്ടപരിഹാര ബിൽ അവതരിപ്പിക്കണം

പാലക്കാട് പ്ളാച്ചിമട സമരസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരിലെ വസതിയിലേക്ക്   മാര്‍ച്ച് നടത്തും. പുതിയ നഷ്ടപരിഹാര ട്രൈബ്യുണൽ ബിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് (9) മാര്‍ച്ച്. നഷ്ടപരിഹാരം നല്‍കാതെ സാമൂഹികസേവന പദ്ധതി നടപ്പാക്കാനുളള കോക്ക കോള കമ്പനിയുടെ നീക്കം എതിര്‍ക്കുമെന്ന് സമരസമിതി അറിയിച്ചു.

പ്ളാച്ചിമടയിൽ ഉണ്ടായ ജലപരിസ്ഥിതി നഷ്ടങ്ങൾക്ക് കോക്ക കോള കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബിൽ. 2011 ഫെബ്രുവരി 24 ന് സംസ്ഥാന നിയമസഭ ഏകണ്ഠമായി ബിൽ പാസാക്കി കേന്ദ്രത്തിന് അയച്ചെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതെ മടങ്ങി. 216 കോടി 26 ലക്ഷം രൂപയുടെ നഷ്പരിഹാരമാണ് ഉന്നതാധികാരസമിതി ബില്ലിൽ നിര്‍ദേശിച്ചത്. ഇനി ഇത് ലഭിക്കണമെങ്കിൽ വീണ്ടും പുതിയ ബിൽ നിയമസഭ പാസാക്കി കേന്ദ്രത്തിന് നൽകി രാഷ്ട്രപതിയുടെ അനുമതി തേടണം. പുതിയ ബില്‍ അവതരിപ്പിക്കാന്‍ ജല,നിയമ വകുപ്പുകളും മുഖ്യമന്ത്രിയും തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരിലെ വസതിയിലേക്ക് വരുന്ന 9 ന് മാര്‍ച്ച് നടത്താനാണ് പ്ളാച്ചിമട സമരസമിതിയുടെ തീരുമാനം. നഷ്ടപരിഹാരം നല്‍കാതെ കോള കമ്പനിയുടെ സാമൂഹീകസേവന പദ്ധതി അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി. 2004 ലാണ് പ്ളാച്ചിമടയിലെ കോക്ക കോള ഫാക്ടറി അടച്ചുപൂട്ടിയത്. ‌