വെളിച്ചമേകാൻ ഒരു സബ്സ്റ്റേഷൻ കൂടി; വൈദ്യുതി ഉത്പാദനം കൂട്ടുമെന്ന് മന്ത്രി

അരൂര്‍ വ്യവസായമേഖലയ്ക്ക് ആശ്വാസമേകി ആലപ്പുഴ എരമല്ലൂരില്‍ KSEB യുടെ പുതിയ സബ്സ്റ്റേഷന്‍. ഒരു ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്നതാണ് പുതിയകേന്ദ്രം. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് സബ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത്, മന്ത്രി എം.എം.മണി പറഞ്ഞു.

എരമല്ലൂരില്‍ 110 കെ.വി.സബ്‌സ്റ്റേഷനൊപ്പം ട്രാൻസ്മിഷൻ ലൈനും പ്രവർത്തനം തുടങ്ങി. ജനസാന്ദ്രതയേറിയ ഈ മേഖലയിലെ ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി തടസം കൂടാതെ ലഭ്യമാക്കും. 2015 ലാണ് 11.3 കോടി രൂപ ചിലവ് കണക്കാക്കി പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. അരൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലേക്ക് മൂന്നും കുത്തിയതോട്, അരൂക്കുറ്റി, പൂച്ചാക്കൽ സെക്ഷനുകളിലേക്ക് ഒന്നുവീതവുമായി ആകെ ആറ് 11 കെ.വി ഫീഡറുകളാണ് തുടക്കത്തിൽ ലഭ്യമാക്കിയിട്ടുളളത്. കൂടുതല്‍ വൈദ്യുതി ഉല്‍പാദനത്തിന്റെ ഭാഗമായി ഇടുക്കിയിൽ രണ്ടാംഘട്ട പവർഹൗസിന്റെ സാധ്യത പരിഗണിച്ചുവരുകയാണെന്ന് മന്ത്രി പറഞ്ഞു

സോളർ പദ്ധതികൾ വിജയകരമായതോടെ, സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴപെയ്ത സാഹചര്യത്തിൽ പവർകട്ട് ഭീഷണി ഒഴിവായിട്ടുണ്ട്.. ചടങ്ങില്‍ എ.എം ആരിഫ് എം.പി അധ്യക്ഷനായിരുന്നു