പനി ബാധിച്ച 8 വയസ്സുകാരൻ മരിച്ചു; ഡോക്ടറിനെതിരെ കേസ് എടുക്കണമെന്ന് ബന്ധുക്കൾ

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികില്‍സയിലെ അശ്രദ്ധമൂലം എട്ടുവയസുകാരന്‍ മരിച്ചതായി ബന്ധുക്കളുടെ ആരോപണം. ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്ന് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.  

ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ശ്രീരാം കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് മരിച്ചത്. പനിയും ന്യുമോണിയയും ബാധിച്ചായിരുന്നു മരണം. പനി ബാധിച്ച ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കുട്ടി ഗുരുതരാവസ്ഥയില്‍ ആയതിനു ശേഷം ചികില്‍സ ഗൗരവമായെടുത്തില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ പരാതി നല്‍കിയിട്ടും പൊലീസ് തയാറായില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ഡോക്ടര്‍ക്കെതിരെ കേസെടുക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചു.

അതേസമയം, ചികില്‍സയില്‍ പിഴവുണ്ടായിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. ന്യുമോണിയ ബാധിച്ച വിവരം ബന്ധുക്കളെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.