കരാർ തുക ലഭിച്ചില്ല; കരാറുകാരനും ഭാര്യയും ബാങ്കിന് മുന്നിൽ പ്രതിഷേധം

തൊടുപുഴ ഒാറിയന്റല്‍  ബാങ്കിൽ ഇന്റീരിയർ ജോലികൾ ചെയ്ത വകയിൽ  മുഴുവന്‍ തുകയും   നൽകാതെ  കബളിപ്പിച്ചെന്ന് കരാറുകാരന്റെ പരാതി.   പണം നല്‍കാനാവശ്യപ്പെട്ട് ബാങ്ക് ശാഖക്കുള്ളിൽ കരാറുകാരായ ദമ്പതികള്‍ കുത്തിയിരുന്ന്  പ്രതിഷേധിച്ചു. പൊലീസെത്തി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

തൊടുപുഴ – പാലാ റോഡിൽ പ്രവര്ത്തിക്കുന്ന ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ശാഖയിലാണ് ആലുവ വുഡ് ആർക്ക് ഇന്റീരിയർ ഉടമകളായ ജോസ് പീറ്റർ, ഭാര്യ മേരി ഹെലൻ എന്നിവർ കുത്തിയിരിപ്പ് നടത്തിയത്. രാവിലെ ബാങ്കിൽ എത്തിയ ഇവർ  കരാർ പ്രകാരം ലഭിക്കാനുള്ള  തുക ലഭ്യാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിനുള്ള നടപടികൾ ഉണ്ടാകാതെ വന്നതോടെ ഇവർ ബാങ്ക് സമയം കഴിഞ്ഞിട്ടും ബാങ്കിൽ നിന്നു പുറത്തു പോകാൻ കൂട്ടാക്കിയില്ല.   

2014 ൽ 20 ലക്ഷം രൂപക്ക് ബങ്കിന്റെ തൊടുപുഴ , ചെങ്ങന്നൂർ ശാഖകളുടെ ഇന്റീരിയർ ജോലികൾ കരാർ എടുത്ത് ചെയ്തതാണെന്ന് ജോസും, മേരിയും പറഞ്ഞു. എന്നാൽ പണി തീർ്ത്തിട്ട് നാലര വർഷമായിട്ടും ഇനിയും ലഭിക്കാനുള്ള നാലര ലക്ഷം രൂപ ലഭിച്ചിട്ടില്ല. കരാർ പ്രകാരമുള്ള മുഴുവൻ തുകയും നൽകിയതായാണ്  റീജനൽ ഓഫിസിൽ നിന്ന് അറിയിച്ചതെന്ന് ശാഖാ മാനേജർ  പറഞ്ഞു. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ബാങ്ക് അധികൃതരെയും , പരാതിക്കാരെയും ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് പൊലീസ് അറിയിച്ചു.