പെരുവഴിയിലായി ആനക്കയം കോളനിവാസികൾ; പുനരധിവാസം വൈകി

പ്രളയത്തില്‍ മണ്ണിടിച്ചിലിനിടെ വീടുകള്‍ നഷ്ടപ്പെട്ട ഇരുപത്തിനാലു കുടുംബങ്ങള്‍ അതിരപ്പിള്ളി ആനക്കയത്ത് പാറപ്പുറത്ത് കഴിയുന്നു. വീടുകള്‍ നിര്‍മിക്കാന്‍ ആദിവാസി കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം ആനത്താരയാണെന്ന കാരണം പറഞ്ഞ് വനംവകുപ്പ് തള്ളി.  ആനക്കയം ആദിവാസി കോളനിക്കാര്‍ പെരുവഴിയിലാണ്. ഇവരുടെ വീടുകള്‍ ‍പ്രളയത്തിനിടെ മണ്ണെടുത്തു.

കെ.എസ്.ഇ.ബിയുടെ ഉപയോഗശൂന്യമായ ക്വാര്‍ട്ടേഴ്സുകളിലായിരുന്നു താമസം. പുനരധിവാസം വൈകിയതോടെ ഇവര്‍ അവിടെ നിന്ന് മടങ്ങി. വിശാലമായ പാറപ്പുറത്ത് ഓലപ്പുര കെട്ടിയാണ് താമസം. കാറ്റും മഴയും വന്നാല്‍ പുര പറന്ന് പോകും. മലയിടിച്ചില്‍ ഇല്ലാത്ത ഇടം കാട്ടിക്കൊടുത്താല്‍ വീടു നിര്‍മിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. അങ്ങനെ, ആദിവാസി കുടുംബങ്ങള്‍ സുരക്ഷിതമായ സ്ഥലം കാട്ടിക്കൊടുത്തു. പക്ഷേ, അത് ആനത്താരയാണെന്ന് വനംവകുപ്പ ്പറയുന്നു. ഭൂമിയും കിടപ്പാടവും ഇല്ലാത്തതിനാല്‍ പെരുവഴിയിലായ ഇരുപത്തിനാലു കുടുംബങ്ങള്‍ ദുരിതത്തിലാണ്.

രാഷ്ട്രീയ പാര്‍ട്ടികളാരും ഇവരുടെ വിഷയത്തില്‍ കണ്ടമട്ടു നടിക്കുന്നില്ല. വീണ്ടുമൊരു കാലവര്‍ഷം എത്തുമ്പോള്‍ ഈ കുടുംബങ്ങളുടെ നെഞ്ചുപിടയ്ക്കുകയാണ്. സുരക്ഷിതമായി കഴിയാന്‍ കിടപ്പാടം ഇല്ലാത്ത അവസ്ഥ. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ഇവരുടെ കണ്ണീരിന് പരിഹാരം കാണാന്‍ കഴിയൂ.