മാലിന്യം ജനവാസമേഖലയില്‍ തള്ളാൻ നീക്കം; പാറത്തോട് പഞ്ചായത്തിനെതിരെ പ്രതിഷേധം

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ ജനവാസമേഖലയില്‍ തള്ളാനുള്ള പാറത്തോട് പഞ്ചായത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം. മാലിന്യം വാഹനം നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് അധികൃതര്‍ നീക്കത്തില്‍ നിന്ന് പിന്‍മാറി. 

മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ തള്ളാന്‍ പുളിമൂട് ഒരുമ നഗറാണ് പാറത്തോട് പഞ്ചായത്ത്  അധികൃതര്‍ കണ്ടെത്തിയത്. പൊതുശ്മശാനത്തോട് ചേര്‍ന്നുള്ള സ്ഥലം പഞ്ചായത്ത് വകയാണ്. ഗൃഹോപകരണങ്ങളുടെ അവശിഷ്ടങ്ങള്‍, പഴയ ട്യൂബ് ലൈറ്റുകള്‍, കുപ്പി,ടിന്‍ കൂടാതെ പ്ലാസ്റ്റിക് മാലിന്യവും കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെ നാട്ടുകാര്‍ സംഘടിച്ചു. നൂറിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാലിന്യം പിന്നീട് കത്തിക്കുന്നതും മഴ തുടങ്ങുന്നതോടെ കുടിവെള്ള സ്രോതസുകളിക്ക് മാലിന്യം ഒഴുകിയെത്തുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടികാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ഇതോടെ മാലിന്യ വാഹനം മടങ്ങി. മാലിന്യങ്ങള്‍ സ്ഥിരമായി തള്ളാനല്ല തരംതിരിക്കാന്‍ എത്തിച്ചതാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.