അമൃത് മുടങ്ങി; ഭീമ ഹർജിയിൽ ഉടൻ പരിഹാരം കണ്ടെത്താൻ ഉത്തരവ്

ആലപ്പുഴയിൽ നഗരസഭാ ചെയർമാന്റെ വാർഡിൽ  കനാൽ പുനരുജ്ജീവന പ്രവർത്തി തടസ്സപെട്ടു. കനാൽ കടന്നുപോകേണ്ട വഴി സമീപത്തെ സ്ഥലമുടമ കെട്ടിയടച്ചതാണ് കാരണം. നാട്ടുകാരുടെ പരാതിയെ തുടർന്നു നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അടിയന്തര നടപടിക്ക് സബ് കലക്ടർ ഉത്തരവിട്ടു.

തത്തംവള്ളി വാർഡിലെ പൊൻവെലിൽ കനാൽ നവീകരണമാണ് തടസ്സപ്പെട്ടത്. അരികുകൾ കരിങ്കൽ കൊണ്ട് കെട്ടി തോടുകളും കനാലുകളും പുനരുജ്ജീവിപ്പിക്കുന്ന അമൃത് പദ്ധതിയാണ് ഇവിടെ മുടങ്ങിയത്. മലയിൽ കോര മാത്യു തന്റെ പറമ്പിൽ ഷീറ്റ് കെട്ടി കനാൽ കടന്നുപോകേണ്ട വഴി അടച്ചെന്നു നാട്ടുകാർ പറയുന്നു.

പരാതിയെ തുടർന്നു നഗരസഭാ ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി. പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി വാസ്തവ വിരുദ്ധമാണെന്നും കാനാലോ തോടോ തന്റെ പറമ്പിൽ ഇല്ലായിരുന്നു എന്നുമാണ് രേഖകളുടെ പിൻബലത്തിൽ ഉടമ സ്ഥാപിക്കുന്നത് 

എന്നാൽ വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള ഒരു നാടിന്റെ ശ്രമത്തിന് അയൽവാസി ഉടക്ക് വെക്കുകയാണെന്നു നാട്ടുകാരും പറയുന്നു. മുൻപ് ഇവിടെ തോട് ഉണ്ടയിരുന്നു എന്ന് അനുഭവം പറയുന്നുണ്ട് നാട്ടുകാർ. ജലം കടന്ന് പോകാനുള്ള ഇടം തടസ്സപ്പെടുത്തി എന്നാണ് പരിശോധനയിൽ വ്യക്തമായതെന്നു ഉദ്യോഗസ്ഥരും പറഞ്ഞു. നാട്ടുകാരുടെ ഭീമഹർജിയിൽ 30 ദിവസത്തിനിടെ പരിഹാരം കാണാൻ സബ് കളക്ടർ ഉത്തരവിട്ടു.