സ്വകാര്യവ്യക്തി അനധികൃതമായി നിലം നികത്തുന്നതായി പരാതി

എറണാകുളം കാലടിയില്‍ സ്വകാര്യവ്യക്തി അനധികൃതമായി നിലം നികത്തുന്നതായി പരാതി. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിലംനികത്തലിനെതിരെ നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.   

കാലടി ഗ്രാമപഞ്ചായത്തിലെ പണിയേലിലുള്ള ഈ സ്ഥലത്താണ് സ്വകാര്യവ്യക്തി അനധികൃതമായി നിലം നികത്തുന്നത്. ഈ 26 സെന്റ് സ്ഥലം വില്ലേജിൽ നിലമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സമീപത്തെ കനാലിന്റെ കല്ലുകൾ എടുത്തുവച്ച് നിലത്തിന്റെ അതിരുകൾ തിരിച്ചിരിക്കുന്നതും വ്യക്തമാണ്. കനാലിനു കുറുകെ സ്ലാബിട്ട്  ഇപ്പോൾ മണ്ണടിച്ച് നിലം നികത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ കാലടിയിൽ ഈ നിലത്തിനു സമീപത്തു കൂടെ ഉള്ള കനാലിനെ ആണ് നാട്ടുകാര്‍ ജലസ്രോതസ്സായി ആശ്രയിക്കുന്നത്.  

ഇടതുമുന്നണി ഭരിക്കുന്ന കാലടി ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റിന്റെ  ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. ഭരണസമിതിയിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇത്തരത്തിൽ അനധികൃതമായി നിലം നികത്തുന്നതെന്നാണ് ആക്ഷേപം.