റോഡില്ലാതെ പൊന്നാങ്കണ്ണി മല; ഒറ്റപ്പെട്ട് കുടുംബങ്ങൾ‌

ഇടുക്കി നെടുങ്കണ്ടം പൊന്നാങ്കണ്ണി മലയിലേക്ക് റോഡില്ല.  ഗതാഗത സൗകര്യം ഇല്ലാതെ  ഒറ്റപ്പെട്ട് പതിനഞ്ചോളം കുടുംബങ്ങളാണ് മലമുകളിൽ ജീവിക്കുന്നത്.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പൊന്നാങ്കണ്ണിമെട്ടിന് മുകളിൽ സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ ഒറ്റപ്പെട്ട് കഴിയുകയാണ് കുട്ടികളും രോഗികളായ വൃദ്ധരും അടക്കമുള്ള പതിനഞ്ചോളം കുടുംബങ്ങൾ.

പൊന്നാംങ്കാണി മലയുടെ മുകളിൽ ഉള്ളവരുടെ ജീവിതം ഇപ്പോഴും കുടിയേറ്റ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. പണ്ട് ആനക്കാടുകൾ വകഞ്ഞുമാറ്റി സാധനങ്ങൾ വാങ്ങുവാൻ തൂക്കുപാലത്തുംമറ്റും ഇവിടെ നിന്നുള്ള ആളുകൾ പോയിരുന്നു. ഇപ്പോൾ 'ആന' ഇല്ലെന്നുള്ള വ്യത്യാസം മാത്രം. 

കുന്നിൻ മുകളിലേക്ക് ഇപ്പോഴും നാലടി വീതിയുള്ള മൺപാത മാത്രം. അതും ചിലയിടങ്ങളിൽ എസ്റ്റേറ്റ് ഉടമകൾ കയ്യേറി രണ്ടടി മാത്രമുള്ള  വഴിയായി ചുരുങ്ങുന്നു . സ്കൂൾ കുട്ടികൾ കിലോമീറ്ററുകൾ നടന്നാണ് മുണ്ടിയെരുമയിലെ കല്ലാർ സർക്കാർ  സ്കൂളിൽ  എത്തുന്നത്. ഗതാഗതയോഗ്യമായ  റോഡ് നിർമിക്കാൻ  അധികൃതർ തയാറാകണമെന്നാണ്   ആവശ്യം.