കയ്യേറ്റഭൂമി വിതരണം ചെയ്യണം; ചിന്നക്കനാലില്‍ ആദിവാസി സംഘടനകള്‍ സമരത്തിന്

കയ്യേറ്റഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ ഇടുക്കി ചിന്നക്കനാലില്‍ സമരത്തിനൊരുങ്ങുന്നു. 2002ല്‍‍ ആദിവാസികള്‍ക്കായി ഏറ്റെടുത്ത ഭൂമി പകുതിയിലധികവും കയ്യേറ്റക്കാരുടെ കൈവശമാണെന്നാണ് പട്ടികവര്‍ഗ്ഗ ഏകോപന സമതിയുടെ  ആരോപണം. നൂറോളം തോട്ടംതൊഴിലാളി കുടുംബങ്ങള്‍ ചിന്നക്കനാലില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചതിന് പിന്നാലെയാണ് ആദിവാസികളും രംഗത്തെത്തിയത്.

പട്ടികവര്‍ഗ്ഗ ഏകോപന സമതിയുടെ  അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2002ലാണ് എ.കെ ആന്റണി സര്‍ക്കാര്‍ ചിന്നക്കനാലിലെ വനംവകുപ്പ് ഏകവിളത്തോട്ടമായി ഉപയോഗിച്ച് വന്നിരുന്ന 1490ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ 668ഏക്കര്‍ ഭൂമി വിതരണം  ചെയ്തു. എന്നാല്‍ ബാക്കിയുള്ള  ഭൂമി വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടായില്ല. ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ ഇവിടെ ഭൂമിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. എന്നാല്‍ റന്യൂ ഭൂമി കയ്യേറ്റ മാഫിയയുടെ കൈകളിലാണെന്ന് ആദിവാസികള്‍ ആരോപിക്കുന്നു.

2017ല്‍ വിതരണം ചെയ്യാന്‍ ഏറ്റെടുത്ത ഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന് കാണിച്ച്  നല്‍കിയ പരാതിയ്ക്ക് മറുപടി ലഭിച്ചത് 2019ലാണ്. ഇതില്‍ പറയുന്നത് ചിന്നക്കനാലില്‍ ഇനിഭൂമിയില്ലെന്നും ഉണ്ടായിരുന്ന ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്നുമാണ്. 

നിലവില്‍ ചിന്നക്കനാലിലെ സൂര്യനെല്ലിയില്‍ റവന്യൂ ഭൂമി കയ്യേറി ഭൂ രഹിതരായ തോട്ടം തൊഴിലാളികള്‍ നടത്തുന്ന കുടില്‍കെട്ടിയുള്ള സമരം തുടരുന്ന സമയത്താണ് ആദിവാസി സംഘടനകളും സമരത്തിലേയ്ക്ക് നീങ്ങുന്നത്.  ഒരിടവേളയ്ക്ക് ശേഷം  ചിന്നക്കനാലില്‍ വീണ്ടും ഭൂമി വിവാദം പുകയുകയാണ്.